സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് യൂറോപ്യന്‍ യൂനിയനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതായി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍. യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ പിന്മാറ്റം യൂറോപ്യന്‍ യൂനിയന്റെ കരുത്തു ചോര്‍ത്തിക്കളഞ്ഞതായും ഇത് തിരിച്ചുപിടിക്കുന്നതിനായി അടിയന്തിര നടപടികള്‍ കൈകൊള്ളാനും അംഗരാജ്യങ്ങളോട് അവര്‍ ആഹ്വാനം ചെയ്തു.
സ്ലോവാക്യയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മെര്‍കല്‍. ഒരു ഉച്ചകോടിയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടഞ്ഞ് സുരക്ഷ ഉറപ്പാക്കുക, സാമ്പത്തിക സുസ്ഥിരത എന്നീ കാര്യങ്ങളില്‍ അംഗരാജ്യങ്ങള്‍ ഒരുമിക്കണമെന്നും മെര്‍കല്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സമ്മേളനത്തില്‍ ബ്രെക്‌സിറ്റ് പ്രധാന ചര്‍ച്ചാ വിഷയമായില്ല. മാത്രമല്ല സമ്മേളനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
നേരത്തെ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് നടത്തുന്ന ചര്‍ച്ചകളില്‍ തങ്ങള്‍ കര്‍ക്കശമായ നിലപാടുകള്‍ എടുക്കുകയാണെങ്കില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരുമെന്ന യൂണിയന്‍ പ്രതിനിധികളുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇതിന് പുറമെ ബ്രെക്‌സിറ്റിനെ തുടര്‍ന്നുള്ള സാമ്പത്തിക അനിശ്ചിതത്വത്തില്‍ യുകെക്ക് ആശങ്കയുണ്ടെന്നും അതിനാല്‍ അവസരം ലഭിച്ചാല്‍ രാജ്യം ബ്രെക്‌സിറ്റില്‍ നിന്നും പുറകോട്ട് പോയേക്കാമെന്നും ബ്രസല്‍സില്‍ നിന്നുള്ള പ്രതിനിധികള്‍ അഭിപ്രായപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല