സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; പുതിയ ഡീല്‍ 21 ന്; 29 ന് പാര്‍ലമെന്റില്‍ ചര്‍ച്ച; തിരക്കിട്ട സമവായ നീക്കങ്ങളുമായി തെരേസാ മേയ്; പിടികൊടുക്കാതെ ജെറമി കോര്‍ബിന്‍. ബ്രെക്‌സിറ്റ് പ്രശ്‌നപരിഹാരം സംബന്ധിച്ചു പ്രതിപക്ഷ നേതാക്കളുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ ചര്‍ച്ച ആരംഭിച്ചു.
അതേസമയം, കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്മാറില്ലെന്ന് ഉറപ്പു കിട്ടാതെ ചര്‍ച്ചയ്ക്കില്ലെന്നു ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്‍ബിന്‍ വ്യക്തമാക്കി. 21നു പാര്‍ലമെന്റില്‍ പുതിയ പദ്ധതി അവതരിപ്പിക്കാനാണു മേയുടെ തീരുമാനം. തുടര്‍ന്ന് 29 വരെ എംപിമാര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കാം.
ഇതിന്മേല്‍ 29നു പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തും. തുടര്‍ന്നു തയാറാക്കുന്ന പുതിയ കരട് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്തു തീര്‍പ്പാക്കിയാകും പാര്‍ലമെന്റിലെ വോട്ടെടുപ്പ്. മേ കൊണ്ടുവന്ന ബ്രെക്‌സിറ്റ് കരാര്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ തള്ളിയിരുന്നു. ഇതെത്തുടര്‍ന്ന് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയം പക്ഷേ പരാജയപ്പെട്ടു. പ്രമേയത്തെ 306 പേര്‍ അനുകൂലിച്ചപ്പോള്‍ 325 പേര്‍ എതിര്‍ത്തു.
പുതുക്കിയ കരാറിനു പിന്തുണ സമാഹരിക്കാനായി വിവിധ പാര്‍ട്ടികളിലെയും സ്വന്തം പാര്‍ട്ടിയിലെയും എംപിമാരുമായി മേയും കാബിനറ്റ് അംഗങ്ങളും ചര്‍ച്ച ആരംഭിച്ചു. ലിബറല്‍ ഡെമോക്രാറ്റ്, എസ്എന്‍പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നു മേയ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചയ്ക്കുള്ള ക്ഷണം ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ നിരസിക്കുകയാണ്. കരാറില്ലാതെയുള്ള ബ്രെക്‌സിറ്റ് ഉണ്ടാവില്ലെന്ന് ഉറപ്പുതരണമെന്നാണ് കോര്‍ബിന്റെ ഉപാധി.
എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പു നല്‍കാന്‍ മേയ് തയാറായില്ല. കിട്ടാവുന്നതില്‍ മെച്ചമായ കരാറാണ് യൂറോപ്യന്‍ യൂണിയനു മായി ഉണ്ടാക്കിയതെന്നും ഇത് നിരാകരിക്കപ്പെട്ടാല്‍ കരാറില്ലാതെയുള്ള ബ്രെക്‌സിറ്റ് നടപ്പാക്കേണ്ടിവരുമെന്നും നേരത്തെ മേയ് മുന്നറിയിപ്പു നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല