സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ വീണ്ടും കല്ലുകടി; അടിയന്തര യോഗം പ്രധാനമന്ത്രി തെരേസ മേയ് റദ്ദാക്കി. ബ്രെക്‌സിറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി വിളിച്ചു ചേര്‍ത്ത അടിയന്തര യോഗം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ റദ്ദാക്കി. സ്വന്തം മന്ത്രിസഭയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്നാണ് യോഗം റദ്ദാക്കിയതെന്നാണ് വിവരം. ഇതോടെ ബ്രെക്‌സിറ്റ് സംബന്ധമായ നടപടികള്‍ ഇന്നും പൂര്‍ത്തിയാകില്ല.
യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനം സംബന്ധിച്ച അടിയന്തര യോഗമാണ് ഇന്നലെ റദ്ദാക്കിയത്. ഇതോടെ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങള്‍ അനന്തമായി നീളുകയാണ്. പ്രധാനമായും അവശേഷിക്കുന്നത് അയര്‍ലന്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. എന്നാല്‍ അയര്‍ലന്‍ഡ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദേശങ്ങളാണ് തെരേസ മേ മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി നേതാവ് ഐലീന്‍ ഫോസ്റ്റര്‍ അടക്കമുള്ളവര്‍ തള്ളിയിരുന്നു.
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്‍വാങ്ങല്‍ കരാര്‍ 95 ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന് തെരേസ മേ നേരത്തെ പറഞ്ഞിരുന്നു. അടിയന്തരമായി വിളിച്ച യോഗം റദ്ദാക്കിയത് പുറത്ത് പോകലിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് വിവരം. ബ്രെക്‌സിറ്റിനെ ചൊല്ലി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ഗതാഗത മന്ത്രി ജോ ജോണ്‍സന്‍ രാജിവെച്ചിരുന്നു. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് മുന്‍പ് യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കുന്ന കരാറിനെ വിമര്‍ശിച്ച് കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ രാജി. ജോ ജോണ്‍സന് പുറമെ കഴിഞ്ഞ ജൂലൈയില്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ബോറിസ് ജോണ്‍സണും രാജിവെച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല