1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2018

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഒരു വര്‍ഷം മാത്രം അകലെ; ബ്രിട്ടന്റെ ശോഭനമായ ഭാവിക്ക് ബ്രെക്‌സിറ്റ് അനിവാര്യമാണെന്ന ഉറച്ച നിലപാടില്‍ തെരേസാ മേയ്. 2019 മാര്‍ച്ച് 29നാണു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഔദ്യോഗികമായി പുറത്തുവരിക. ഒരുവര്‍ഷം നീണ്ട ചര്‍ച്ചകളില്‍ വേര്‍പിരിയല്‍ സംബന്ധിച്ച ഏകദേശ ധാരണകള്‍ ആയിക്കഴിഞ്ഞു.

ഇരുപക്ഷത്തും നിലവിലുള്ള കുടിയേറ്റക്കാരുടെ ഭാവി, ബ്രിട്ടന്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക, യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍, ഐറിഷ് അതിര്‍ത്തി തുറന്നിടുന്നതിനുള്ള ധാരണ എന്നിങ്ങനെ നിരവധി തര്‍ക്കവിഷയങ്ങളില്‍ പരിഹാരമായിക്കഴിഞ്ഞു. കസ്റ്റംസ് യൂണിയനും വ്യാപാര കരാറുകളും സംബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ മാസത്തിലോ നവംബര്‍ ആദ്യമോ സര്‍ക്കാര്‍ ബ്രെക്‌സിറ്റ് ഉടമ്പടി വ്യവസ്ഥകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡിലെ പ്രാദേശിക പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ മാത്രം നിലനില്‍ക്കുന്ന തെരേസ മേയുടെ ന്യൂനപക്ഷ സര്‍ക്കാരിന് ഈ കടമ്പ കടക്കാന്‍ മുഖ്യപ്രതിപക്ഷമായ ലേബറിന്റെ പിന്തുണ കൂടിയേ തീരൂ.

എന്നാല്‍ ബ്രെക്‌സിറ്റില്‍ നിന്ന് പിന്മാറാന്‍ ഇനിയും അവസരമുണ്ടെന്നാണ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറും പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റുകളും ആവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഇപ്പോള്‍ ബ്രെക്‌സിറ്റ് അനുകൂല നിലപാടിലായത് മേയ്ക്ക് ആശ്വാസം നല്‍കുന്നു. എന്നാല്‍ ബ്രെക്‌സിറ്റ് നടപ്പിലാകുന്നതോടെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലേക്കു കൂടുതല്‍ നിക്ഷേപം സാധ്യമാകുമെന്നു പ്രധാനമന്ത്രി തെരേസ മേ പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് ഇത് ഉപകരിക്കും. യൂറോപ്യന്‍ യൂണിയനിലേക്കു വര്‍ഷംതോറും നല്‍കുന്ന വന്‍തുക ഇനിമുതല്‍ രാജ്യത്തെ അവശ്യസേവന മേഖലകളിലേക്കു തിരിച്ചുവിടാനാകുമെന്നും ഇതു സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ എല്ലാ മേഖലകള്‍ക്കും ഗുണകരമാകുന്ന ഉടമ്പടിയാണു ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നതെന്നും തെരേസാ മേയ് ബിബിസിയോട് പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.