സ്വന്തം ലേഖകന്‍: ‘ബ്രെക്‌സിറ്റ് നമുക്കു വേണോ? ഒന്നുകൂടി ആലോചിച്ചിട്ടു പോരേ?’ ബ്രിട്ടനോടു ജര്‍മന്‍ നേതാക്കളുടെ ചോദ്യം; ബ്രിട്ടന്‍ ഇയുവില്‍ തുടരണമെന്ന് അഭ്യര്‍ഥിച്ച് ജര്‍മനിയില്‍ നിന്നൊരു തുറന്ന കത്ത്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നീക്കത്തില്‍നിന്നു പിന്മാറണമെന്നും ഇയുവില്‍ തുടരണമെന്നും ബ്രിട്ടനോട് ജര്‍മന്‍ നേതാക്കളുടെ അഭ്യര്‍ഥന.
ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പിന്‍ഗാമിയായി സിഡിയു പാര്‍ട്ടി നേതൃത്വത്തിലെത്തിയ അനഗ്രറ്റ് ക്രാംപ് കാരന്‍ബൗവും രണ്ടു ഡസനിലധികം പ്രമുഖ രാഷ്ട്രീയ, ബിസിനസ് നേതാക്കളും കലാകാരന്മാരും ബ്രിട്ടീഷ് ജനതയെ അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്തിലാണ് ബ്രെക്‌സിറ്റ് നീക്കം ഉപേക്ഷിക്കണമെന്നു നിര്‍ദേശിച്ചത്. കത്ത് ടൈംസ് പത്രം പ്രസിദ്ധീകരിച്ചു.
ഏതു തീരുമാനത്തില്‍നിന്നും പിന്മാറാം. നിങ്ങള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. നിങ്ങളെക്കൂടാതെ യൂറോപ്പ് ഇന്നത്തെ നിലയിലായിരിക്കില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷവും ജര്‍മനിയെ ബ്രിട്ടന്‍ കൈവിട്ടില്ലെന്നും യൂറോപ്പിലെ പരമാധികാര രാഷ്ട്രങ്ങളുടെ ഗണത്തിലേക്ക് സ്വാഗതം ചെയ്തുവെന്നും കത്തില്‍ അനുസ്മരിക്കുന്നു.
വ്യക്തമായ വ്യവസ്ഥകളും കരാറുമില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ തുനിഞ്ഞാല്‍ യൂറോപ്പും ജര്‍മനിയും മാന്ദ്യത്തിലേക്കു നീങ്ങുമെന്ന് കത്തില്‍ ഒപ്പിട്ടവരില്‍ ഒരാളായ ജര്‍മന്‍ ഇന്‍ഡസ്ട്രീസ് ഫെഡറേഷന്‍ പ്രസിഡന്റ് ഡിയറ്റര്‍ കെംഫ് പറഞ്ഞു. ആദ്യ ബ്രെക്‌സിറ്റ് കരാര്‍ വന്‍ ഭൂരിപക്ഷത്തോടെ ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണ്‍സ് തള്ളിയതിനെത്തുടര്‍ന്ന് രണ്ടാമതൊരു കരാര്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണു പ്രധാനമന്ത്രി തെരേസാ മേയ്.
ഈ കരാറിന് സ്വന്തം പാര്‍ട്ടിയിലെയും മറ്റു പാര്‍ട്ടികളിലെയും എംപിമാരുടെ പിന്തുണ സമാഹരിക്കാനുള്ള ശ്രമത്തിലാണു മേയും കാബിനറ്റ് അംഗങ്ങളും. എന്നാല്‍ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ രണ്ടാമത്തെ കരാറും പാസാക്കാനാവുമോ എന്ന കാര്യം സംശയത്തിലാണ്. കരാര്‍ കൂടാതെ മാര്‍ച്ച് 29നു ബ്രിട്ടന്‍ നോഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. രണ്ടാമതൊരു ഹിതപരിശോധന നടത്തണമെങ്കില്‍ ഇനിയും ഒരു വര്‍ഷത്തെ സാവകാശം വേണ്ടിവരുമെന്നു നേരത്തെ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല