സ്വന്തം ലേഖകന്‍: നാലരക്കോടിയോളം വരുന്ന വോട്ടര്‍മാര്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്‍ന്റെ തീരുമാനത്തെ അനുകൂലിച്ച് വോട്ടു ചെയ്തതോടെ ബ്രിട്ടന്റെ ഭാവി എന്താകുമെന്ന ആശങ്കകളും പ്രതീക്ഷകളും വ്യാപകമാകുകയാണ്. രണ്ടു വര്‍ഷത്തോളം നീളുന്ന നടപടിക്രമങ്ങള്‍ക്കൊടുവിലേ ഔദ്യോഗികമായി ബ്രിട്ടന് യൂറോപ്യന്‍ യൂനിയന്‍ വിടാന്‍ കഴിയൂ.
ആ കാലയളവില്‍ യൂറോപ്യന്‍ യൂനിയന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതരാവും. യൂറോപ്യന്‍ യൂനിയനുമായുള്ള വ്യാപാരബന്ധങ്ങള്‍ തുടരാം. എന്നാല്‍, വ്യാപാരം സംബന്ധിച്ച ആഭ്യന്തര തീരുമാനങ്ങളിലും ചര്‍ച്ചകളിലും ബ്രിട്ടന് സ്ഥാനമുണ്ടവില്ല. ‘പുറത്തായാല്‍ പിന്നീടൊരിക്കലും മടങ്ങിവരവുണ്ടാവില്ല. ബ്രിട്ടന്‍ പുറത്തേക്കു പോവണമെന്നാണ് വിധിയെഴുത്തെങ്കില്‍ നാം പുറത്തായതുതന്നെ. തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടുകതന്നെ വേണം’സണ്‍ഡെ ടെലിഗ്രാഫിന് അനുവദിച്ച അഭിമുഖത്തിനിടെ കാമറണ്‍ സൂചിപ്പിച്ചിരുന്നു.
ഹിതപരിശോധനയില്‍ ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്റിന് ഇതു സംബന്ധിച്ച് കത്തെഴുതും. 50 ആം വകുപ്പ് പ്രാബല്യത്തിലായാല്‍ ഇ.യുവിലെ 27 അംഗരാജ്യങ്ങള്‍ ബ്രെക്‌സിറ്റിനെ കുറിച്ച് കൂടിയാലോചന നടത്തും. അതിനു ശേഷം ഇ.യുവില്‍ നിന്ന് വേര്‍പെടുന്ന കരാര്‍ ബ്രിട്ടന് കൈമാറും. ജൂണ്‍ 28, 29 തീയതികളില്‍ ബ്രെക്‌സിറ്റ് ചര്‍ച്ച ചെയ്യാന്‍ ഉച്ചകോടി ചേരുന്നുണ്ട്. യൂറോപ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ചര്‍ച്ചകളില്‍ കാമറണും പങ്കാളിയാവും.
യൂറോപ്യന്‍ യൂനിയനില്‍നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം യൂറോപ്യന്‍ യൂനിയന്റെ കെട്ടുറപ്പിനെയും മറ്റു അംഗരാജ്യങ്ങളെയും ബാധിക്കും.ബ്രെക്‌സിറ്റ് ഫലസൂചനകള്‍ വന്നുതുടങ്ങിയപ്പോള്‍തന്നെ ഇതിന്റെ സൂചന വിപണിയില്‍ പ്രതിഫലിച്ചു. ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം 31 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പൗണ്ടിന്റെ വില ഇനിയും താഴേക്കത്തെുമെന്നാണ് വിലയിരുത്തലുകള്‍.
സാമ്പത്തികം, വ്യാപാരം, കുടിയേറ്റം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ വ്യാപക പ്രതിഫലനമാണ് ബ്രെക്‌സിറ്റ് സൃഷ്ടിക്കാന്‍ പോകുന്നത്. യൂറോപ്യന്‍ യൂനിയനില്‍ ജര്‍മനിയോളംതന്നെ ശക്തമായ രാഷ്ട്രമാണ് ബ്രിട്ടന്‍ എന്നതിനാല്‍ അത് യൂണിയന്റെ കെട്ടുറപ്പിനെ ബാധിക്കും. 28 അംഗങ്ങളുള്ള യൂറോപ്യന്‍ യൂനിയനില്‍നിന്ന് ആദ്യം പുറത്തുപോകുന്ന രാജ്യമാണ് ബ്രിട്ടന്‍. 43 വര്‍ഷമായി യൂറോപ്യന്‍ രാജ്യങ്ങളുമായി ബ്രിട്ടന്‍ തുടര്‍ന്നുവന്ന സാമ്പത്തിക സഖ്യത്തിനാണ് അവസാനമാകുന്നത്.
ബ്രിട്ടന്റെ പിന്മാറ്റം കുടിയേറ വിഷയത്തിലും സാമ്പത്തിക കാര്യത്തിലുമാണ് ഇ.യുവില്‍ പ്രതിഫലിക്കുക. യൂറോപ്യന്‍ യൂനിയന്റെ അഭയാര്‍ഥി നിയമപ്രകാരം ഒരു നിശ്ചിത ശതമാനം ആളുകളെ സ്വീകരിക്കാന്‍ ബ്രിട്ടന്‍ ബാധ്യസ്ഥരാണ്. നിലവില്‍ 3.62 ലക്ഷം കുടിയേറ്റക്കാരെ ബ്രിട്ടന്‍ സ്വീകരിച്ചു കഴിഞ്ഞു. കുടിയേറ്റക്കാരുടെ എണ്ണം കുറക്കാന്‍ കഴിയുമെന്നായിരുന്നു ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവരുടെ വാദങ്ങളിലൊന്ന്. ബ്രിട്ടന്‍ പിന്‍വാങ്ങുന്നതോടെ അധികം വരുന്ന കുടിയേറ്റക്കാരുടെ പുനരധിവാസം ഇ.യുവിന് തലവേദനയാകും.
അതുപോലെ ബ്രിട്ടനില്‍നിന്ന് 45 ശതമാനത്തോളം കയറ്റുമതി യൂറോപ്യന്‍ യൂനിയനിലേക്കായിരുന്നു. അത് ക്രമേണ നിലക്കുന്നതോടെ യൂറോപ്പിന്റെ സാമ്പത്തിക സ്രോതസ്സുകളിലൊന്ന് അടയും. ഉത്തരാഫ്രിക്കയില്‍നിന്നും പശ്ചിമേഷ്യയില്‍നിന്നും എത്തിയ അഭയാര്‍ഥികളെ യൂറോപ് സ്വീകരിക്കരുതെന്ന പരസ്യനിലപാട് സ്വീകരിച്ച തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മേല്‍ക്കൈ ലഭിച്ചതാണ് ബ്രെക്‌സിറ്റിന്റെ മറ്റൊരു ഫലം. ഈ പ്രസ്ഥാനങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കെതിരെ തിരിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല