സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് റിപ്പീല്‍ ബില്‍ എന്ന കീറാമുട്ടിയുമായി തെരേസാ മേയ് സര്‍ക്കാര്‍, ബില്ലിനെതിരെ രൂക്ഷമായ എതിര്‍പ്പുമായി ലേബര്‍ പാര്‍ട്ടിയും സ്‌കോട്‌ലന്‍ഡും വെയില്‍സും. ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ അധികാരത്തില്‍ നിന്ന് യുകെയെ ഒഴിവാക്കുന്ന ഗ്രേറ്റ് റിപ്പീല്‍ ബില്‍ പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന തെരേസാ മേയ് സര്‍ക്കാരിന് പുതിയ കീറാമുട്ടിയാകുകയാണ്.
2019 മാര്‍ച്ച് 29 ഓടെ യുകെ ഔദ്യോഗികമായും പൂര്‍ണമായും യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ ഈ ബില്‍ നിയമമാക്കി യുകെയില്‍ പൂര്‍ണമായും ബ്രിട്ടീഷ് നിയമങ്ങള്‍ മാത്രം നടപ്പിലാക്കാനാണ് തെരേസ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. 1972ലെ യൂറോപ്യന്‍ കമ്യൂണിറ്റീസ് ആക്ടിനെ റദ്ദാക്കുകയും യൂറോപ്യന്‍ നിയമങ്ങളില്‍ നിന്ന് വിടുതലുമാണ് ബില്ലിന്റെ ഉദ്ദേശം.
എന്നാല്‍ കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ടതു മുതല്‍ എംപിമാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഡിന്‍ബറോ, കാര്‍ഡിഫ് നേതാക്കള്‍ തുടങ്ങിയവര്‍ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ഒപ്പം ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് വെയില്‍സും സ്‌കോട്ട്‌ലന്‍ഡും വ്യക്തമാക്കിക്കഴിഞ്ഞു. തങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നതാണ് ബില്ലിന്റെ ഉള്ളടക്കം എന്നാരോപിച്ചാണ് സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍, വെയില്‍സ് നേതാവ് കാര്‍വിന്‍ ജോണ്‍സ് എന്നിവര്‍ ബില്ലിനെ എതിര്‍ക്കുന്നത്.
യുകെയിലെ എല്ലാ പ്രദേശങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുന്ന വിധത്തിലുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്ന് സര്‍ക്കാരിനോട് തങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി സ്റ്റര്‍ജന്‍ പ്രസ്താവനയില്‍ പറഞ്ഞു.നുഷ്യാവകാശങ്ങള്‍ വ്യാപകമായി ഹനിക്കാന്‍ ഇടയുണ്ടെന്ന ആശങ്കയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ബില്ലിനേക്കുറിച്ച് ഉയര്‍ത്തുന്നത്. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രിമാര്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ ബില്‍ എന്ന വിമര്‍ശനം പാര്‍ലമെന്റ് അംഗങ്ങളും ഉന്നയിക്കുന്നു.
ബ്രെക്‌സിറ്റുനു ശേഷം യുകെ യൂറോപ്യന്‍ എക്കണോമിക് ഏരിയ (ഇഇഎ)യില്‍ നിന്നും വിട്ട് പോകരുതെന്നും അതിനാല്‍ ഈ ബില്‍ ഇതേ രീതിയില്‍ പാസാക്കരുതെന്നുമാണ് എതിര്‍ക്കുന്നവരുടെ പൊതു നിലപാട്. ഇഇഎയില്‍ തുടര്‍ന്നാല്‍ യുകെ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഇവിടേക്ക് യഥേഷ്ടം കടന്ന് വരുന്നതിനും ജോലി ചെയ്യുന്നതിനും അനുവാദം നല്‍കേണ്ടി വരും. ബ്രസല്‍സിന്‍ നിന്ന് പൂര്‍ണമായ വിടുതല്‍ ആഗ്രഹിക്കുന്ന തെരേസാ മേയ്ക്ക് റിപ്പീല്‍ ബില്‍ പാസാക്കാന്‍ കഠിന പ്രയത്‌നം വേണ്ടിവരുമെന്നാണ് സൂചനകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല