സ്വന്തം ലേഖകന്‍: യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള രണ്ടാം ഘട്ട ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് ബ്രസല്‍സില്‍ തുടക്കമാകുന്നു, യുകെ സംഘത്തില്‍ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനേയും ഉള്‍പ്പെടുത്തണമെന്ന് ഇയു. ബ്രെക്‌സിറ്റ് രണ്ടാം വട്ട ഔപചാരിക ചര്‍ച്ചകള്‍ക്കായി ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് ബ്രസല്‍സില്‍ എത്തി. യുകെയില്‍ ജീവിയ്ക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെയും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കഴിയുന്ന ബ്രിട്ടീഷുകാരുടെയും അനിശ്ചിതത്വം ഇല്ലാതാക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഡേവിസ് വ്യക്തമാക്കി.
വ്യാപാരപരമായ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് യുകെയിലെ യൂണിയന്‍ പൗരന്‍മാരുടെ കാര്യത്തില്‍ തീരുമാനമായേ പറ്റൂ എന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്റേത്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിത്വം അനന്തമായി നീളുന്നതിനാല്‍ നിക്ഷേപകര്‍ യുകെയില്‍ നിന്ന് മുഖം തിരിക്കുന്നതായി കഴിഞ്ഞ ദിവസം ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് മുന്നറിയിപ്പു നല്‍കിയിരുന്നു. ബ്രിട്ടനില്‍ ജീവിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ അവകാശങ്ങളുടെ കാര്യത്തില്‍ യുകെയ്ക്കും യൂറോപ്യന്‍ യൂണിയനും തീര്‍ത്തും വ്യത്യസ്തമായ നിലപാടുകളാണ് ഉള്ളതെന്ന് യൂറോപ്യന്‍ കമ്മീഷന്റെ ചീഫ് ബ്രെക്‌സിറ്റ് നെഗോഷ്യേറ്ററായ മൈക്കല്‍ ബാര്‍ണിയര്‍ പ്രസ്താവിച്ചിരുന്നു.
ഇതിനു പിന്നാലെ യുകെയില്‍ കഴിയുന്നു മൂന്ന് മില്യണോളം വരുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് ബ്രെക്‌സിറ്റിന് ശേഷം സെറ്റില്‍ഡ് സ്റ്റാറ്റസ് നല്‍കുമെന്ന വാഗ്ദാനവുമായി ഈ മാസം ആദ്യം പ്രധാനമന്ത്രി തെരേസ മേയ് രംഗത്തെത്തി. പൗരന്‍മാരുടെ അവകാശം, ഡൈവോഴ്‌സ് ബില്‍ പേമെന്റ് തുടങ്ങിയ കാര്യത്തില്‍ തീരുമാനമായാല്‍ മാത്രമേ വ്യാപാരപരമായ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളുവെന്ന ഇയു പക്ഷത്തിന്റെ കടുംപിടുത്തവും യുകെയുടെ മെല്ലെപ്പോക്ക് നയവും ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ഇഴയാന്‍ കാരണമായിരുന്നു. എന്നാല്‍ രണ്ടാം ഘട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നതോടെ വിടുതല്‍ പ്രക്രിയ ചൂടുപിടുക്കുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍.
എന്നാല്‍ യുകെയുടെ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായുള്ള സംഘത്തില്‍ ലേബര്‍ നേതാവും പ്രതിപക്ഷ നേതാവുമായ ജെറമി കോര്‍ബിനും പങ്കാളിത്തം നല്‍കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ ചുമതലക്കാരന്‍ ഗയ് വെര്‍ഹോഫ്സ്റ്റാറ്റ് ആവശ്യപ്പെട്ടത് വീണ്ടും കല്ലുകടിയായി. തെരഞ്ഞെടുപ്പില്‍ തെരേസ മേയ്ക്ക് ലഭിച്ച തിരിച്ചടി അവരുടെ ഹാര്‍ഡ് ബ്രെക്‌സിറ്റ് പദ്ധതികള്‍ ജനങ്ങള്‍ നിരസിക്കുന്നതിന്റെ സൂചനയാണെന്നും ഈ ശബ്ദങ്ങള്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പരിഗണിക്കേണ്ടതാണെന്നും മുന്‍ ബെല്‍ജിയം പ്രധാനമന്ത്രികൂടിയായ വെര്‍ഹോഫ്സ്റ്റാറ്റ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല