സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല; എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്കുക്ക് കടക്കുന്നതായി പ്രഖ്യാപനം. യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തി ബ്രിട്ടന് ഏറ്റവും അനുകൂലമായ വിടുതല്‍ കരാറുണ്ടാക്കാനാണു ശ്രമിക്കുന്നതെന്നു ബ്രിട്ടീഷ് പത്രങ്ങളില്‍ എഴുതിയ ലേഖനങ്ങളില്‍ മേ ചൂണ്ടിക്കാട്ടി.
ബ്രെക്‌സിറ്റ് നടപ്പാകുമോ എന്നു ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ പ്രവൃത്തിയില്‍ വിശ്വസിക്കുന്ന സര്‍ക്കാരാണ്. സംശയാലുക്കള്‍ക്കു തെറ്റിയെന്നു താമസിയാതെ വ്യക്തമാവും. ബ്രിട്ടന് ഏറ്റവും യോജിച്ച കരാര്‍ നേടിയെടുക്കാനും ബ്രെക്‌സിറ്റ് അനന്തര ബ്രിട്ടന്റെ ഭാവി ഭദ്രമാക്കാനും ഉള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്നു ദ സണ്‍ഡേ ടെലഗ്രാഫിലെഴുതിയ ലേഖനത്തില്‍ മേ ചൂണ്ടിക്കാട്ടി.
ബ്രെക്‌സിറ്റ് വിഷയത്തില്‍ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ സര്‍ക്കാരിനുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് മേ നിലപാടു കടുപ്പിച്ചത്. പാര്‍ലമെന്റിന്റെ സമ്മതം കൂടാതെ അന്തിമ ബ്രെക്‌സിറ്റ് കരാര്‍ നടപ്പാക്കരുതെന്ന ഭേദഗതിക്ക് അനുകൂലമായി മേയുടെ പാര്‍ട്ടിയിലെ റിബലുകള്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നു വോട്ടു ചെയ്താണു മേയെ ചൊടിപ്പിച്ചത്. 28 അംഗ യൂറോപ്യന്‍ യൂണിയനില്‍നിന്നു 2019 മാര്‍ച്ചോടെ പിന്‍വാങ്ങാമെന്നാണു കരുതുന്നത്.
ബ്രെക്‌സിറ്റിന് അനുകൂലമായി ബ്രിട്ടീഷ് ജനത നടത്തിയ വിധിയെഴുത്ത് മാനിക്കുമെന്നും ജനഹിതം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്നും മേ അസന്ദിഗ്ധമായി വ്യക്തമാക്കി.മേയുടെ അധ്യക്ഷതയിലുള്ള ബ്രെക്‌സിറ്റ് കമ്മിറ്റിയും മന്ത്രിസമ്യും ഇത് സംബന്ധിച്ച് വിശദ ചര്‍ച്ച നടത്തും. എന്നാല്‍ മേയ് കടുംപിടിത്തം തുടര്‍ന്നാല്‍ പ്രഭുസഭയിലും അവര്‍ക്കു പരാജയം നേരിടുമെന്നു രണ്ടു കണ്‍സര്‍വേറ്റീവ് എംപിമാര്‍ മുന്നറിയിപ്പു നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല