സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് നീട്ടണമെന്ന ആവശ്യവുമായി തെരേസാ മേയ്; മൂന്നു മാസത്തെ സാവകാശം തേടി യൂറോപ്യന്‍ യൂണിയന് കത്തയച്ചു. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനു മൂന്നുമാസത്തെ സാവകാശം തേടി പ്രധാനമന്ത്രി തെരേസാ മേ യൂറോപ്യന്‍ യൂണിയനു കത്തയച്ചു. മുന്‍ നിശ്ചയ പ്രകാരം ഈ മാസം 29നാണു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു വിടുതല്‍ നേടേണ്ടത്.
ഇതു ജൂണ്‍ മുപ്പതുവരെ നീട്ടിത്തരണമെന്ന് ഇയു പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിന് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചതായി മേ ഇന്നലെ പാര്‍ലമെന്റില്‍ വെളിപ്പെടുത്തി. കത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരണത്തിനു നല്‍കിയിട്ടുമുണ്ട്. ഇന്നു ബ്രസല്‍സില്‍ സമ്മേളിക്കുന്ന ഇയു ഇക്കാര്യത്തില്‍ എന്തു നടപടിയാണെടുക്കുക എന്നറിയില്ല. യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടനുവേണ്ടി ഏറെ വിട്ടുവീഴ്ച ചെയ്‌തെന്നും കൂടുതലായൊന്നും ചെയ്യാനില്ലെന്നും നേരത്തെ ഇയു കമ്മീഷണര്‍ ജുന്‍കര്‍ പറഞ്ഞു.
രണ്ടുവട്ടം പാര്‍ലമെന്റ് തള്ളിയ ബ്രെക്‌സിറ്റ് കരാര്‍ മാറ്റം വരുത്താതെ മൂന്നാംവട്ടവും വോട്ടിനിടാന്‍ പറ്റില്ലെന്ന സ്പീക്കര്‍ ജോണ്‍ ബെര്‍കോയുടെ നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. കരാര്‍ വീണ്ടും പാര്‍ലമെന്റില്‍ വോട്ടിനിടാമെന്നാണു കരുതുന്നതെന്നു മേ പറഞ്ഞു. എംപിമാര്‍ മൂന്നാംവട്ടവും കരാര്‍ നിരാകരിച്ചാല്‍ പ്രധാനമന്ത്രിപദത്തില്‍ മേ തുടരില്ലെന്നു സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല