സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; ഡിസംബര്‍ 11ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ്; തെരേസ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയനാണു നേട്ടമാവുകയെന്ന് ട്രംപ്. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന്‍ ഒപ്പുവച്ച ബ്രെക്‌സിറ്റ് കരാറിന്മേല്‍ ഡിസംബര്‍ 11നു പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തുമെന്നു പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു. ബ്രെക്‌സിറ്റ് കരാറിന്റെ സാമ്പത്തിക വശത്തെക്കുറിച്ചുള്ള വിശകലന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി.
അതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയനാണു നോട്ടമാവുക എന്നും അമേരിക്കയുമായുള്ള ബ്രിട്ടീഷ് വ്യാപാരം ഇല്ലാതാകുമെന്നും യുഎസ് പ്രസിഡന്റ് ട്രംപ് തുറന്നടിച്ചു. വൈറ്റ്ഹൗസില്‍ മാധ്യമ പ്രതിനിധികളോടു സംസാരിക്കുന്‌പോഴാണു മേയ്ക്കു കനത്ത ആഘാതമേല്പിച്ച പ്രതികരണം. ബ്രിട്ടനു സ്വതന്ത്ര വാണിജ്യത്തിനു സ്വാതന്ത്ര്യം നല്‍കുന്നതാണോ കരാര്‍ എന്ന സംശയം ട്രംപ് പ്രകടിപ്പിച്ചു.
‘കരാര്‍ യൂറോപ്യന്‍ യൂണിയനു വലിയ നേട്ടം നല്‍കുന്നതായി തോന്നുന്നു. യുകെയ്ക്കു വ്യാപാര സ്വാതന്ത്ര്യമുണ്ടോ എന്നു ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നു. കാരണം, കരാറിന്റെ ഇപ്പോഴത്തെ രൂപത്തില്‍ അവര്‍ക്കു നമ്മളോടു വ്യാപാരം നടത്താനാവില്ല. (ബ്രിട്ടീഷ്) പ്രധാനമന്ത്രി അങ്ങനെ ഉദ്ദേശിച്ചിട്ടുണ്ടെന്നു ഞാന്‍ കരുതുന്നില്ല. അവര്‍ അക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമായിരിക്കും,’ ട്രംപ് പറഞ്ഞു.
ബ്രെക്‌സിറ്റ് കരാര്‍ പ്രകാരം 21 മാസത്തെ പരിവര്‍ത്തനകാലത്തു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി തുടരും. അപ്പോള്‍ സ്വന്തം വ്യാപാര കരാറുകള്‍ ഉണ്ടാക്കാനാവില്ല. വേര്‍പിരിഞ്ഞ ശേഷമുള്ള വാണിജ്യബന്ധം സംബന്ധിച്ച് ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ 2021 വരെ യൂണിയനില്‍ തുടരുന്ന അവസ്ഥ ഉണ്ടാകും. അക്കാലത്തു മറ്റു രാജ്യങ്ങളുമായി ഉത്പന്നവ്യാപാര ഉടന്പടി ഉണ്ടാക്കാനാവില്ല. ഈ സാഹചര്യമാണു ട്രംപ് ചൂണ്ടിക്കാണിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല