സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദവി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ജൂണ്‍ 7ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവെന്ന നിലയില്‍ നിന്ന് രാജിവക്കുമെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വഴിയൊരുക്കുമെന്നും മെയ് പറഞ്ഞു. ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തതില്‍ അതീവ ദുഖമുണ്ടെന്നും തന്റെ പിന്‍ഗാമി അഭിപ്രായൈക്യം കൊണ്ടുവരുമെന്നും ബ്രെക്‌സിറ്റ് പാസാക്കുമെന്നും തെരേസ മെയ് പറഞ്ഞു.
രാജ്യത്തെ രണ്ടാമത്തെ വനിതാ നേതാവായതില്‍ അഭിമാനമുണ്ടെന്നും തെരേസ മെയ് വിതുമ്പിക്കൊണ്ട് പറഞ്ഞു. തെരേസ മേയുടെ ബ്രെക്‌സിറ്റ് നടപടികളില്‍ രോഷാകുലയായി ക്യാബിനറ്റിലെ പ്രധാനിയായ ആന്‍ഡ്രിയ ലീഡ്‌സണ്‍ ബുധനാഴ്ച മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് മെയ്ക്ക് രാജി സമ്മര്‍ദ്ദമുണ്ടായിരുന്നു.
മേ കൊണ്ടുവന്ന ബ്രെക്‌സിറ്റ് കരാറുകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റെ മൂന്നുതവണ തള്ളിയിരുന്നു. തുടര്‍ന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദം വര്‍ധിച്ചതോടെയാണ് തെരേസ മേ സ്ഥാനമൊഴിയുന്നത്. ജൂണ്‍ ഏഴിന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതൃത്വം ഒഴിയുമെന്ന് വികാരാധീനയായാണ് അവര്‍ പ്രഖ്യാപിച്ചത്.
ഇതോടെ ബ്രെക്‌സിറ്റ് നടപ്പാക്കേണ്ട ബാധ്യത പുതിയ നേതൃത്വത്തിനാകും. മാര്‍ഗരറ്റ് താച്ചറിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യവനിതയാണ് തെരേസ മേ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല