സ്വന്തം ലേഖകന്‍: 1990 ല്‍ മാര്‍ഗരറ്റ് താച്ചര്‍ സ്ഥാനമൊഴിഞ്ഞ ശേഷം ബ്രീട്ടിഷ് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയായിരുന്നു തെരേസ മേയ്. എന്നാല്‍ ബ്രിട്ടീഷ് രാഷ്ട്രീയ പ്രവര്‍ത്തകയും 2010 മുതല്‍ ആഭ്യന്തര സെക്രട്ടറിയുമായിരുന്ന മേയ്ക്ക് കാര്യങ്ങള്‍ അത്ര അനുകൂലമായിരുന്നില്ല. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പ്രധാനനേതാക്കളില്‍ ഒരാളും സര്‍ക്കാരിന്റെ ഉന്നത പദവികള്‍ വഹിച്ചിരുന്ന ആളുമെന്നനിലയില്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു മെയുടെ പ്രധാനമന്ത്രി പദത്തെ ലോകരാജ്യങ്ങള്‍ കണ്ടത്. എന്നാല്‍ മെയും ബ്രെക്‌സിറ്റില്‍ തട്ടി വീഴുന്നതിലേയ്ക്ക് കാര്യങ്ങള്‍ എത്തി. ബ്രിട്ടീഷ് യൂറോപ്യന്‍ യൂണിയനില്‍ നിന്നു സ്വതന്ത്രമാകുമോ എന്ന വിഷയത്തില്‍ ബ്രിട്ടനില്‍ നടന്ന ഹിതപരിേശാധനയാണ് ബ്രെക്‌സിറ്റ്.
‘ഞാന്‍ ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ്. പക്ഷേ, അവസാനത്തെയാളല്ലെന്നു തീര്‍ച്ച’: ഇത്രയും പറഞ്ഞതും കണ്ഠമിടറി. രാജ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്തതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നു പറഞ്ഞവസാനിച്ച്, ഉപചാരവാക്കുകളില്ലാതെ പത്താം നമ്പര്‍ വസതിക്കുള്ളിലേക്കു തിരിഞ്ഞു നടക്കുമ്പോള്‍ തെരേസ മേ പൊട്ടിക്കരയുകയായിരുന്നു. 2016ല്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിയായ മേ 2 വര്‍ഷവും 315 ദിവസവും പൂര്‍ത്തിയാക്കിയാണ് പദവിയൊഴിയുന്നത്.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നു ഹിതപരിശോധനയില്‍ ജനങ്ങള്‍ വിധിയെഴുതിയതോടെയാണ് അതിനോട് വിയോജിപ്പുണ്ടായിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജിവച്ചത്. തുടര്‍ന്നു പാര്‍ട്ടി നേതൃത്വമേറ്റെടുത്തു പ്രധാനമന്ത്രിയായ മേ, ബ്രെക്‌സിറ്റിനോടു കടുത്ത എതിര്‍പ്പുണ്ടായിട്ടും തീരുമാനം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധയാണെന്നു പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയനുമായി മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം തയാറാക്കിയ ബ്രെക്‌സിറ്റ് കരാറിലെ ചില വ്യവസ്ഥകള്‍ കണ്‍സര്‍വേറ്റിവ് എംപിമാര്‍ പോലും എതിര്‍ക്കുന്നു. കരാര്‍ ഇതിനോടകം 3 തവണയാണു പാര്‍ലമെന്റ് തള്ളിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല