സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി തെരേസാ മേ കൊണ്ടുവന്ന പുതുക്കിയ ബ്രെക്‌സിറ്റ് കരാറിനും എംപിമാരുടെ പിന്തുണ കിട്ടാന്‍ സാധ്യതയില്ലെന്നു റിപ്പോര്‍ട്ട്. നാളെ കരാര്‍ പ്രസിദ്ധപ്പെടുത്തും. യൂറോപ്യന്‍ യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പ് ഇ ന്നാണ്. ബ്രെക്‌സിറ്റിനു ശ്രമിക്കുകയാണെങ്കിലും ബ്രിട്ടനും ഇലക്ക്ഷനില്‍ പങ്കെടുക്കേണ്ട സ്ഥിതിയാണ്.
ഇതിനിടെ മേ രാജിവയ്ക്കണമെന്ന ആവശ്യത്തിനു ശക്തിയേറി. മേയ്ക്ക് എതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് അനുവദിക്കണമെന്നും ഇതിനായി നിയമം ഭേദഗതി ചെയ്യണമെന്നും പാര്‍ട്ടി ഫോറത്തില്‍ ആവശ്യപ്പെടാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ചില എംപിമാര്‍ നീക്കം തുടങ്ങി.
രണ്ടാം ഹിതപരിശോധന വേണമോ എന്ന കാര്യത്തില്‍ എംപിമാര്‍ക്ക് വോട്ടിംഗിന് അവസരം നല്‍കുന്നതുള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയതാണു മേ തയാറാക്കിയപുതിയ കരാര്‍. മേ അവതരിപ്പിച്ച മൂന്നു കരാറുകള്‍ പാര്‍ലമെന്റ് തള്ളിയിരുന്നു. ഇത് അവസാന ചാന്‍സാണെന്നും കരാറിനെ കക്ഷിഭേദം മറന്ന് എല്ലാവരും പിന്തുണയ്ക്കണമെന്നും മേ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
നമ്മുടെ മാനിഫെസ്റ്റോക്കു കടകവിരുദ്ധമായ ഈ കരാറിനു വോട്ടുചെയ്യില്ലെന്ന് മേയ്ക്കു പകരം പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാന്‍ തയാറെടുക്കുന്ന മുന്‍ മന്ത്രി ബോറീസ് ജോണ്‍സണ്‍ പറഞ്ഞു. മുന്‍ കരാറിലെ കാര്യങ്ങള്‍ തന്നെ ചില്ലറ ഭേദഗതികളോടെ അവതരിപ്പിക്കുകയാണു മേ ചെയ്‌തെന്നും ഇതിനെ പിന്തുണയ്ക്കില്ലെന്നും പ്രതിപക്ഷ ലേബര്‍ നേതാവ് ജെറമി കോര്‍ബിനും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല