സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്, യൂറോപ്യന്‍ യൂണിയനുമായുള്ള ഔദ്യോഗിക വിടപറയല്‍ പ്രഖ്യാപനം അടുത്തയാഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍, മൗനം പാലിച്ച് തെരേസാ മേയ്. ആര്‍ട്ടിക്കിള്‍ 50 അനുസരിച്ചുള്ള ബ്രക്‌സിറ്റ് നടപടികള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും രണ്ടുവര്‍ഷം നീളുന്ന ചര്‍ച്ചകളുടെ സമയക്രമം സംബന്ധിച്ചുമുള്ള സുപ്രധാന പ്രഖ്യാപനം ബ്രിട്ടീഷ് പ്രധാനമന്ത്രി ഈയാഴ്ച തന്നെ നടത്തിയേക്കുമെന്നാണ് ഭരണ സിരാകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനകള്‍.
യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ പുറത്തുപോകല്‍ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 50 ബില്‍ രണ്ടു സഭകളിലും തിങ്കളാഴ്ച പാസ്സാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ചൊവ്വാഴ്ച തന്നെ തെരേസാ മേയുടെ ഔദ്യോഗിക ബ്രെക്‌സിറ്റ് പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ബില്‍ പാസ്സാകുന്നതോടെ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമാകും.എത്രയും പെട്ടെന്ന് ബില്‍ പാസ്സാക്കി ബ്രെക്‌സിറ്റ് നടപടികള്‍ ആംരംഭിക്കാന്‍ തെരേസ മേയ്ക്ക് മന്ത്രിസഭയുടെ ശക്തമായ സമ്മര്‍ദ്ദവുമുണ്ട്.
നിലവില്‍ ബ്രിട്ടണിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രക്‌സിറ്റിനു ശേഷവും ഇവിടെത്തന്നെ തുടരാന്‍ സാഹചര്യം ഒരുക്കണമെന്നും ഇവരുടെ സംരംക്ഷണം ഉറപ്പുവരുത്തണമെന്നുമായിരുന്നു പ്രഭുസഭ പാസാക്കിയ ഒന്നാമത്തെ ഭേദഗതി. രണ്ടുവര്‍ഷം നീളുന്ന ചര്‍ച്ചകളില്‍ ഉരിത്തിരിയുന്ന തീരുമാനത്തിലെ വ്യവസ്ഥകള്‍ പാര്‍ലമെന്റിന്റെ അന്തിമ അനുമതിയോടുകൂടിയേ നടപ്പാക്കാവൂ എന്നതായിരുന്നു രണ്ടാമത്തെ ഭേദഗതി. ഹൗസ് ഓഫ് കോമണ്‍സില്‍ ബ്രെക്‌സിറ്റ് ബില്ലിലെ ഈ രണ്ടു ഭേദഗതികളും തള്ളീ നിലവിലുള്ള ബില്ല് മാറ്റമൊന്നും കൂടാതെ പാസാക്കാനാണ് തെരേസാ മേയ് സര്‍ക്കാരിന്റെ ഉന്നം.
മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ബില്ലിനെ അനുകൂലിക്കുന്ന നിലപാടാണ് ആദ്യംമുതല്‍ സ്വീകരിച്ചിരുന്നത്. ലേബര്‍ പാര്‍ട്ടിയുടെ കൂടെ പിന്തുണയുള്ളതിനാല്‍, ബില്‍ പാസ്സാകുമെന്നുതന്നെയാണ് കരുതുന്നത്. എന്നാല്‍ ടോറി പക്ഷത്തുനിന്നും 20 എംപിമാരെങ്കിലും സര്‍ക്കാരിനെതിരെ നില്‍ക്കുമെന്നാണ് സൂചന. ബ്രിട്ടന്റെ പ്രഖ്യാപനം വന്നാല്‍, ശേഷിക്കുന്ന രാജ്യങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ തലവര്‍ ഡൊണാള്‍ഡ് ടസ്‌കും വ്യക്തമാക്കി.
ലിസ്ബണ്‍ ഉടമ്പടിയുടെ ഭാഗമായുള്ള ആര്‍ട്ടിക്കിള്‍ 50 യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് ഏപക്ഷീയമായി ഈ കൂട്ടായ്മ വിട്ടുപോകാന്‍ അധികാരം നല്‍കുന്നതാണ്. 2007ലാണ് ആര്‍ട്ടിക്കിള്‍ 50 ഉടമ്പടിയുടെ ഭാഗമായത്. അതിനുമുമ്പ് രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ടായിരുന്നില്ല. വിടുതല്‍ കരാര്‍ ചര്‍ച്ച ചെയ്ത് അന്തിമ രൂപത്തിലെത്താന്‍ രണ്ടുവര്‍ഷത്തെ സാവകാശവും ഈ ബില്‍ നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല