സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് പാര്‍ലമെന്റ് അനുമതി വേണമെന്ന ഹൈക്കോടതി വിധിക്കെതിരെ ബ്രിട്ടീഷ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ നാലുദിവസം നീണ്ടുനില്‍ക്കുന്ന വാദപ്രതിവാദങ്ങള്‍ കേട്ടശേഷം അടുത്തമാസം ആദ്യവാരം കോടതി ഇക്കാര്യത്തില്‍ അന്തിമ വിധി പ്രഖ്യാപിക്കും.
കോടതി നടപടികള്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ 80 പത്രപ്രവര്‍ത്തകര്‍ക്കും പ്രത്യേകം അക്രഡിറ്റേഷന്‍ നല്‍കി. നൂറിലേറെ പൊതു ജനങ്ങള്‍ക്കും കോടതി നടപടികള്‍ നേരില്‍കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അംഗരാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും പിന്‍മാറുന്നതു സംബന്ധിച്ച നിബന്ധനകള്‍ അടങ്ങുന്നതാണ് ലിസ്ബന്‍ ഇടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50.
ഇതനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പായി പാര്‍ലമെന്റിന്റെ അനുമതി തേടണമെന്ന് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഹിതപരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ ബ്രെക്‌സിറ്റ് നടപടികളുമായി മുന്നോട്ടു പോയിരുന്ന തെരേസ മേ സര്‍ക്കാരിന് ഈ വിധി കനത്ത തിരിച്ചടിയാകുകയും ചെയ്തു.
മാര്‍ച്ചില്‍ ആര്‍ട്ടിക്കിള്‍ 50 അനുസരിച്ചള്ള നടപടിക്രമങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുമെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും പൂര്‍ണമായും പുറത്തുവരുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇന്‍വെസ്റ്റ്‌മെന്റ് മാനേജരായ ഗിന മില്ലര്‍, ബ്യൂട്ടീഷനായ ഡയര്‍ ഡോസ് സാന്റോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ബ്രെക്‌സിറ്റ് വിരുദ്ധരാണ് സര്‍ക്കാര്‍ നീക്കത്തിനെതിരേ കോടതിയെ സമീപിച്ചത്.
1876നുശേഷം ആദ്യമായാണ് ബ്രിട്ടനില്‍ സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും അടങ്ങുന്ന ബഞ്ച് ഏതെങ്കിലും ഒരു കേസില്‍ വാദം കേള്‍ക്കുന്നത്. അതേസമയം ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തെരേസ മേയ് ബ്രെക്‌സിറ്റ് പദ്ധതികള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ടോറി എംപിമാര്‍ കോമണ്‍സില്‍ പ്രതിഷേധമുയര്‍ത്തുമെന്നും സൂചനയുണ്ട്. ഈ ആവശ്യം ഉന്നയിച്ച് നേരത്തെ ലേബര്‍ പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല