സ്വന്തം ലേഖകൻ: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നരേന്ദ്ര മോദി ഈ മാസം 22 ന് റഷ്യയിലേക്ക് പോകും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി റഷ്യയിലേക്ക് പോകുന്നത്. ഒക്ടോബർ 22, 23 തീയതികളിലായി കസാനിൽവച്ചാണ് ഉച്ചകോടി നടക്കുന്നത്
ഈ വർഷത്തിൽ ഇത് രണ്ടാം തവണയാണ് മോദി റഷ്യ സന്ദർശിക്കുന്നത്. ജൂലൈ 8-9 തീയതികളിൽ ഉഭയകക്ഷി ഉച്ചകോടിക്കായി മോദി മോസ്കോയിൽ എത്തിയിരുന്നു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി എത്തുന്ന മറ്റു ലോകരാജ്യങ്ങളിലെ നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും.
കസാൻ ഉച്ചകോടിയിൽ പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലോകനേതാക്കളുടെ യോഗത്തിലും മറ്റ് പ്രവർത്തനങ്ങളിലും ഷി പങ്കെടുക്കുമെന്നും നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തെക്കുറിച്ച് നേതാക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
റഷ്യൻ പ്രസിഡന്റുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതേസമയം, ഉച്ചകോടിക്കിടെ മോദിയും ഷിയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിർത്തി തർക്കം പരിഹരിക്കാൻ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാരും എൻഎസ്എമാരും കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ചർച്ചകളിൽ ചില നേരിയ പുരോഗതി ഉണ്ടായെങ്കിലും നയതന്ത്ര, രാഷ്ട്രീയ തലങ്ങളിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല