സ്വന്തം ലേഖകന്‍: ഭീകരവാദവും അതിര്‍ത്തി തര്‍ക്കവും കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ഞായറാഴ്ച തുടക്കം, മോദിയും ചൈനീസ് പ്രസിഡന്റ് ഷി പിന്‍ജിങും മുഖാമുഖം. ‘ശോഭനമായ ഭാവിക്കായി ശക്തമായ പങ്കാളിത്തം’ എന്ന മുദ്രാവാക്യവുമായി ഒമ്പതാം ബ്രിക്‌സ് ഉച്ചകോടി ഞായറാഴ്ച ചൈനയിലെ ഷിയാന്‍മെനില്‍ ഞായറാഴ്ച തുടങ്ങും. ഇന്ത്യയും ചൈനയും തമ്മിലുള്ള ഡോക ലാ പ്രതിസന്ധി പരിഹരിച്ചതിന്റെ ആശ്വാസത്തിലാണ് ഉച്ചകോടി നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഡോക്ലാം സംഘര്‍ഷം അവസാനിച്ച പശ്ചാത്തലത്തില്‍ ഇരുനേതാക്കളും പ്രത്യേക കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പാകിസ്താന്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന പ്രശ്‌നം ബ്രിക്‌സ് ഉച്ചകോടിയില്‍ ഉന്നയിക്കാന്‍ അനുവദിക്കില്ലെന്ന് ചൈന നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മൂന്നു ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈജിപ്ത്, കെനിയ, താജിക്കിസ്താന്‍, മെക്‌സിക്കോ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളെയും ചൈനീസ് പ്രസിഡന്റ് ക്ഷണിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി ‘ബ്രിക്‌സ് പ്ലസ്’ രൂപവത്കരിച്ച് കൂട്ടായ്മയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചാണിത്. 2006ലാണ് ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ബ്രിക്‌സ് രൂപവത്കരിച്ചത്. ലോകജനസംഖ്യയുടെ 42 ശതമാനത്തെയും ഉള്‍ക്കൊള്ളുന്ന രാജ്യങ്ങളാണിവ. ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റ 27 ശതമാനവും ലോകവ്യാപാരത്തിന്റെ 17 ശതമാനവും ഈ രാജ്യങ്ങളുടേതാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല