
സ്വന്തം ലേഖകൻ: പൊതു കറൻസിയുമായി മുന്നോട്ട് പോയാൽ ബ്രിക്സ് രാജ്യങ്ങളുടെ അമേരിക്കയിലേയ്ക്കുള്ള എല്ലാ ഇറക്കുമതികൾക്കും 100 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ‘ബ്രിക്സ് മരിച്ചു’ എന്നായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് മുമ്പായിരുന്നു ഇന്ത്യ കൂടി ഉൾപ്പെട്ട ബ്രിക്സ് സാമ്പത്തിക സഖ്യത്തിൻ്റെ പ്രസക്തി അമേരിക്കൻ പ്രസിഡൻ്റ് തള്ളിക്കളഞ്ഞത്.
‘മോശം ഉദ്ദേശത്തോടെയാണ് ബ്രിക്സ് അത് മുന്നോട്ട് വെച്ചത്. അവർക്ക് ഡോറളിനെ വെല്ലുവിളിക്കണമെങ്കിൽ 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ഞാൻ അവരോട് പറഞ്ഞു. അത് ചെയ്യാൻ തീരുമാനിക്കുന്ന ദിവസം ഞങ്ങൾ യാചിക്കുന്നുവെന്ന് അവർ തിരികെ വന്ന് പറയും. ഞാൻ അത് പറഞ്ഞ ദിവസം മുതൽ ബ്രിക്സ് മരിച്ചു’ എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ആഗോള വ്യാപാരത്തിൽ അമേരിക്കൻ ഡോളറിൻ്റെ ആധിപത്യത്തെ തുരങ്കം വയ്ക്കാനുള്ള നീക്കം ഉണ്ടായാൽ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന നേരത്തെയുള്ള നിലപാടാണ് ട്രംപ് വീണ്ടും ശക്തമായി അവതരിപ്പിച്ചിരിക്കുന്നത്.
ബ്രിക്‌സിനെ തകർക്കാനാണോ ആഗ്രഹമെന്ന ചോദ്യത്തോടും ട്രംപ് പ്രതികരിച്ചു. ‘ഞാൻ കാര്യമാക്കുന്നില്ല. പക്ഷേ ബ്രിക്സ് അത് മുന്നോട്ട് വെച്ചത് ഒരു മോശം ലക്ഷ്യത്തിനാണ്. അവരിൽ ഭൂരിഭാഗം ആളുകളും അത് ആഗ്രഹിക്കുന്നില്ല. അവർ ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ പോലും ആഗ്രഹിക്കുന്നില്ല. ഡോളറുമായി ഏറ്റുമുട്ടാൻ താൽപ്പര്യമുണ്ടെങ്കിൽ 100 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് പറഞ്ഞതോടെ അവർ അതിനെക്കുറിച്ച് സംസാരിക്കാൻ ഭയപ്പെടുന്നു’ എന്നും ട്രംപ് പ്രതികരിച്ചു.
അംഗരാജ്യങ്ങൾ വിനിമയത്തിനായി ഡോളർ തന്നെ ഉപയോഗിക്കണമെന്നും അല്ലെങ്കിൽ 100 ശതമാനം നികുതി ഈടാക്കുമെന്നുമായിരുന്നു സാമൂഹ്യമാധ്യമത്തിലൂടെ നേരത്തെ ട്രംപ് ഭീഷണി മുഴക്കിയത്. സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായായിരുന്നു ട്രംപിൻ്റെ പ്രതികരണം. നേരത്തെ റഷ്യയും ചൈനയും അടക്കമുളള ബ്രിക്സിലെ അംഗ രാജ്യങ്ങൾ ഡോളർ അല്ലാത്ത മറ്റെന്തെങ്കിലും വിനിമയ സാധ്യതകൾ തേടുന്നുണ്ടായിരുന്നു.
ഡോളർ ഒഴിവാക്കില്ല എന്ന കാര്യത്തിലും പൊതു ബ്രിക്സ് കറൻസിയുടെ കാര്യത്തിലും ഒരു ഉറപ്പ് വേണമെന്നുമായിരുന്നു ട്രംപിൻ്റെ ആവശ്യം. മറിച്ചാണെങ്കിൽ 100% നികുതി ചുമത്തുമെന്നും, യുഎസ് സാമ്പത്തിക വ്യവസ്ഥയോട് ഗുഡ് ബൈ പറയാൻ തയ്യാറായി നിൽക്കാനും ബ്രിക്സ് രാജ്യങ്ങൾക്ക് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല