അടുത്തിടെയായി യുകെയിലെ മലയാളി സമൂഹത്തെ തേടി നിരവധി മരണ വാര്‍ത്തകള്‍ എത്തുന്നുണ്ട്. കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത് ബ്രിസ്റ്റോളില്‍ നിര്യാതനായ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി അരുന്ധതിയില്‍ ഗൌതം കൃഷ്ണ(23) യുടെ മരണമായിരുന്നു. ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി ഇക്കണോമിക്സ് ആന്‍ഡ് ഫൈനാന്‍സ് വിദ്യാര്‍ഥിയായ ഗൌതം തിരുവനന്തപുരത്തെ മുതിര്‍ന്ന അഭിഭാഷകനായ വി.കെ. രാധാകൃഷ്ണന്‍ നായരുടെയും സെക്രട്ടറിയേറ്റ് ലോ ഡിപ്പാര്‍ട്ട്മെന്റിലെ അഡീഷണല്‍ സെക്രട്ടറി ഗിരിജയുടെയും മകനാണ്. ബ്രിസ്റ്റോളിലെ മലയാളികളുടെ സംഘടനയായ ബ്രിസ്കയും ഹിന്ദു സമാജവും മറ്റു സഹായങ്ങള്‍ക്കായി രംഗത്തുണ്ട്.
ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥിയായ ഗൌതം കഴിഞ്ഞ ബുധനാഴ്ച പരീക്ഷക്കായി യൂണിവേഴ്സിറ്റിയിലെത്തി ക്യൂ നില്‍ക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു, തുടര്‍ന്നു ഉടന്‍ തന്നെ യൂണിവേഴ്സിറ്റി അധികൃതര്‍ ബ്രിസ്റ്റോള്‍ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ബോധം തെളിഞ്ഞിരുന്നില്ല. സിസിയുവില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഗൌതം ഗൌതം ബുധനാഴ്ച്ച യുകെ സമയം ഉച്ചയ്ക്കാണ് മരണമടഞ്ഞത്. ഒരാഴ്ചയോളം വെറ്റിലേറ്ററിന്റെ സഹായത്തോടെയാണ് ഗൌതം ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നത്.
എന്തായാലും ഗൗതമിന്റെ പോസ്റ്റ്മോര്‍ട്ടം വെള്ളിയാഴ്ച തന്നെ നടന്നു. ബ്രിസ്റ്റോളിലെ മലയാളി കൌണ്‍സിലര്‍ ടോം മാത്യു ആദിത്യയൂടെ ഇടപെടല്‍ മൂലമാണ് ഇത്രയും പെട്ടെന്ന് പോസ്റ്റ്മോര്‍ട്ടം നടത്താനായത്. അതേസമയം മസ്തിഷ്കാഘാതം മൂലം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് നേരത്തെ സംശയിച്ചിരുന്നെങ്കിലും ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചെതെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരിക്കുന്നു. പോസ്റ്റുമോര്‍ട്ടത്തിന് സാധാരണഗതിയില്‍ രണ്ടാഴ്ചയോ അതില്‍കൂടുതലോ സമയം ആവശ്യമായി വേണ്ടിവരുന്ന ബ്രിട്ടനില്‍ ഇതൊരു പുതിയ അനുഭവമാണ്.
കൌണ്‍സിലര്‍ ടോം ആദിത്യയുടെ അവസരോചിതമായ ഇടപെടല്‍ ദുംഖാര്‍ത്തരായി തിരുവനന്തപുരത്തു കഴിയുന്ന ഗൌതത്തിന്റെ കുടുംബത്തിന് വലിയൊരാശ്വാസമായിരിക്കുകയാണ്. മരണം നടന്നതിന്റെ പിറ്റേന്ന് വ്യാഴാഴ്ച തന്നെ ടോം കൊറോണറുമായി ബന്ധപ്പെടുകയും തുടര്‍ന്ന് റിപ്പോര്‍ട്ടുകള്‍ തകൃതിയായി തയാറാക്കുകയും ചെയ്യുകയായിരുന്നു. പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ ഗൌതമിന്റെ ഭൌതിക ശരീരം അന്ത്യകര്‍മങ്ങള്‍ക്കായി ജനുവരി 23ന് (തിങ്കള്‍) സ്വദേശമായ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകും.
യുകെയില്‍ വിദ്യാര്‍ഥിയായി പഠനം തുടങ്ങിയിട്ടും ജി.പി രജിസ്ടേഷന്‍ എടുക്കാതിരുന്നത് ഗൌതം കൃഷ്ണയുടെ ചികിത്സക്ക് തടസമായതെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുകയുണ്ടായി. വളരെ ഗൌരവതരമായ വീഴ്ചയാണെന്നും പറയപ്പെടുന്നു. ഒരാളുടെ ആരോഗ്യത്തെപ്പറ്റിയുള്ള വ്യക്തമായ കുറിപ്പുകളാണ് ജിപിയുടെ റിപ്പോര്‍ട്ടില്‍ നിന്ന് വെളിവാകുന്നത്. ഇത്തരമൊരു കാര്യം ഗൌതത്തിന്റെ ചികില്‍സയെ ബാധിച്ചുവെന്നു കരുതുന്നു, ഒരു വര്‍ഷമായി യുകെയിലെത്തിയിട്ടും ഗൌതം ജിപി.രജിസ്ട്രേഷന്‍ എടുത്തിരുന്നില്ല. യുകെയില്‍ പഠനത്തിനെത്തിയ വിദ്യാര്‍ഥികള്‍ ജിപി.രജിസ്ട്രേഷന്‍ ഇതുവരെ എടുത്തിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്ന് എടുക്കണമെന്ന് ഈ സംഭവം മുന്നറിയിപ്പ് നല്കുനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല