
നോയിച്ചന്‍ അഗസ്റ്റിൻ: ബ്രിസ്‌റ്റോളിലെ പുതിയ മലയാളി സംഘടന ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഔദ്യോഗിക ഉത്ഘാടന പരിപാടിയായ ‘ഉദയം’ ശനിയാഴ്ച ട്രിനിറ്റി അക്കാഡമി ഹാളില്‍. മുഖ്യാതിഥി മേയര്‍ എമിറെത്തസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ശനിയാഴ്ച (25/05/2024) ഉച്ചയ്ക്ക് ഒരു മണിക്കാണ് ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകുക.
ബ്രിട്ടനില്‍ കരിയറില്‍ മുന്നേറാനുള്ള അവസരങ്ങള്‍ സംബന്ധിച്ചും, മോര്‍ട്ട്‌ഗേജ്, മറ്റ് നിയമപരമായ വിഷയങ്ങളിലും യുകെയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന ഇന്‍ഫൊര്‍മേറ്റീവ് സെഷന്‍ ചടങ്ങിന്റെ സവിശേഷതയാണ്. പിന്നണി ഗായകര്‍ നയിക്കുന്ന ഗാനമേള, വിവിധ കലാപരിപാടികള്‍ എന്നിവയ്ക്ക് പുറമെ വിഭവസമൃദ്ധമായ സദ്യയും, കുറഞ്ഞ നിരക്കുകളില്‍ വിഭവങ്ങള്‍ ലഭ്യമാക്കുന്ന നാടന്‍ തട്ടുകടയും ചടങ്ങിന് മാറ്റ് കൂട്ടും. പരിപാടി വന്‍വിജയമാക്കി തീര്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ചെയര്‍മാന്‍ നോയിച്ചന്‍ അഗസ്റ്റിനും, പ്രസിഡന്റ് സെന്‍ കുര്യാക്കോസും, സെക്രട്ടറി ചാക്കോ വര്‍ഗ്ഗീസും അറിയിച്ചു.
കുടിയേറ്റക്കാര്‍ക്ക് വലിയ നിയന്ത്രണങ്ങളും, വിലക്കുകളും ഏര്‍പ്പെടുത്തുന്ന സുപ്രധാന അന്തരീക്ഷമാണ് ഇപ്പോള്‍ ബ്രിട്ടനിലുള്ളത്. അതുകൊണ്ട് തന്നെ ഇമിഗ്രേഷന്‍ നിയമങ്ങളിലും, മറ്റും അടിയന്തരമായി വരുന്ന മാറ്റങ്ങള്‍ രാജ്യത്ത് തങ്ങാനുള്ള അവകാശത്തെയും ബാധിക്കും. ഈ ഘട്ടത്തില്‍ പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്‍കുന്ന സംഘടനയെന്ന നിലയിലാണ് ബ്രിസ്റ്റോള്‍ മലയാളികള്‍ക്കായി ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ) ഉദയം ചെയ്യുന്നത്. കുടുംബ, സാംസ്‌കാരിക, വിദ്യാഭ്യാസ, കുടിയേറ്റ രംഗങ്ങളില്‍ മലയാളി സമൂഹത്തിന് ആവശ്യമായ പിന്തുണ കൂടി ഉറപ്പാക്കുകയാണ് ബിഎംഎയുടെ ലക്ഷ്യം.
പുതിയ കുടിയേറ്റക്കാരെ സംബന്ധിച്ച് യുകെ നല്‍കുന്ന ഇമിഗ്രേഷന്‍ അവകാശങ്ങള്‍, അവസരങ്ങള്‍ എന്നിവ കൂടാതെ വീട് സ്വന്തമാക്കാന്‍ മോര്‍ട്ട്‌ഗേജ് പോലുള്ള വിഷയങ്ങള്‍ ഏത് വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ സംശയദൂരികരണത്തിനായി നടത്തുന്ന ബോധവത്കരണ സെഷനുകള്‍ മലയാളി സമൂഹത്തിന് ഏറെ പ്രയോജനകരമാകും. ഓരോ വിഷയങ്ങളിലും അതാത് മേഖലകളില്‍ നിന്നുള്ള യുകെയിലെ വിദഗ്ധരാണ് പങ്കെടുക്കുന്നത്. ഇവരില്‍ നിന്നും നിയമസംബന്ധമായതും, പ്രത്യേകിച്ച് ഇമിഗ്രേഷന്‍ നിയമങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിയാം. കൂടാതെ മോര്‍ട്ട്‌ഗേജ് അഡൈ്വസര്‍മാര്‍, നഴ്‌സിംഗ് മേഖലയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സംബന്ധിച്ച് വിവരം നല്‍കാന്‍ നഴ്‌സിംഗ് വിദഗ്ധര്‍, യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളെ കുറിച്ച് വിശദമാക്കാന്‍ സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരും പങ്കെടുക്കും.
ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍, കേവലം ഒരു മലയാളി സംഘടന എന്നതിനപ്പുറം, മലയാളി സമൂഹത്തിനിടയില്‍, പ്രത്യേകിച്ച് പുതുതലമുറ മലയാളി കുടിയേറ്റക്കാര്‍ക്കിടയില്‍ ഏത് വിധത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് ഉത്ഘാടന പരിപാടികള്‍ തന്നെ വിളംബരം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല