നോയ്ച്ചൻ അഗസ്റ്റിൻ: ഇനി ഉദയകാലം; ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ ‘ഉദയം’ മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍; മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനത്തില്‍ മുഖ്യാതിഥി; ബോധവത്കരണ സെഷനുകളും, കലാപരിപാടികളുമായി വ്യത്യസ്തമായ ചടങ്ങ്; മലയാളി സമൂഹത്തെ സ്വാഗതം ചെയ്ത് സംഘടനാ ഭാരവാഹികള്‍
ബ്രിസ്റ്റോള്‍: യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്‍കുന്ന സംഘടനയെന്ന നിലയിലാണ് ബ്രിസ്റ്റോള്‍ മലയാളികള്‍ക്കായി ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ) ഉദയം ചെയ്തത്.
ബ്രിസ്‌റ്റോളിലും, സമീപപ്രദേശങ്ങളിലുമായി കഴിയുന്ന പഴയകാല മലയാളി കുടിയേറ്റ സമൂഹത്തിന് പുറമെ പുതിയ കുടിയേറ്റക്കാരും അണിനിരക്കുന്ന പുതിയ സംഘടനയായ ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം മേയ് 25ന് ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച് നടക്കും. മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകും.
‘ഉദയം’ എന്ന് പേരുനല്‍കിയിട്ടുള്ള ഉദ്ഘാടന ചടങ്ങ് ആധുനിക കാലത്തെ വൈവിധ്യാത്മകമായ ഒരു മലയാളി സംഘടനയുടെ ഉദയം അടയാളപ്പെടുത്തുന്നു. കുടുംബ, സാംസ്‌കാരിക, വിദ്യാഭ്യാസ, കുടിയേറ്റ രംഗങ്ങളില്‍ മലയാളി സമൂഹത്തിന് ആവശ്യമായ പിന്തുണ കൂടി ഉറപ്പാക്കുകയാണ് ബിഎംഎയുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഉദ്ഘാടന ദിവസം തന്നെ ഇമിഗ്രേഷന്‍ മുതല്‍ മോര്‍ട്ട്‌ഗേജ് വരെ വിഷയങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക സെഷനുകളും ഉദയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ആകര്‍ഷകമായ കലാപരിപാടികള്‍ കൂടി വേദിയില്‍ ആവേശമൊരുക്കും.
പുതിയ കുടിയേറ്റക്കാരെ സംബന്ധിച്ച് യുകെ നല്‍കുന്ന ഇമിഗ്രേഷന്‍ അവകാശങ്ങള്‍, അവസരങ്ങള്‍ എന്നിവ കൂടാതെ വീട് സ്വന്തമാക്കാന്‍ മോര്‍ട്ട്‌ഗേജ് പോലുള്ള വിഷയങ്ങള്‍ ഏത് വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ വ്യക്തത അനിവാര്യമാണ്. ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച് സംശയദൂരികരണത്തിനായി നടത്തുന്ന ബോധവത്കരണ സെഷനുകളാണ് ‘ഉദയത്തിന്റെ’ മറ്റൊരു സവിശേഷത.
ഓരോ വിഷയങ്ങളിലും അതാത് മേഖലകളില്‍ നിന്നുള്ള യുകെയിലെ വിദഗ്ധരാണ് പങ്കെടുക്കുന്നത്. ഇവരില്‍ നിന്നും നിയമസംബന്ധമായതും, പ്രത്യേകിച്ച് ഇമിഗ്രേഷന്‍ നിയമങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിയാം. കൂടാതെ മോര്‍ട്ട്‌ഗേജ് അഡൈ്വസര്‍മാര്‍, നഴ്‌സിംഗ് മേഖലയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സംബന്ധിച്ച് വിവരം നല്‍കാന്‍ നഴ്‌സിംഗ് വിദഗ്ധര്‍, യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളെ കുറിച്ച് വിശദമാക്കാന്‍ സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരും പങ്കെടുക്കും.
മേയ് 25, ഉച്ചയ്ക്ക് 2 മണിക്ക് ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമി ഹാളില്‍ ‘ഉദയം’ ചടങ്ങുകള്‍ക്ക് തിരിതെളിയും. യുകെയിലെയും, ബ്രിസ്റ്റോളിലെയും പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ക്ക് പുറമെ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്.
വര്‍ണ്ണാഭമായ പരിപാടികളിലേക്ക് ബ്രിസ്റ്റോളിലെ പഴയകാലത്തെയും, പുതിയ കാലത്തെയും മലയാളി കുടിയേറ്റ സമൂഹത്തെ മുഴുവന്‍ സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ നോയിച്ചന്‍ അഗസ്റ്റിന്‍, പ്രസിഡന്റ് സെന്‍ കുര്യാക്കോസ്, സെക്രട്ടറി ചാക്കോ വര്‍ഗ്ഗീസ്, ട്രഷറര്‍ റെക്‌സ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല