സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ 45 കോടി ഡോളര്‍ വില വരുന്ന സ്വത്തുക്കള്‍ ബ്രിട്ടന്‍ കണ്ടുകെട്ടി, വിജയിച്ചത് ഇന്ത്യന്‍ നയതന്ത്രം. ഏറെ നാളത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ വിജയിച്ചതോടെ കഴിഞ്ഞ മാസം സാമ്പത്തിക ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ദാവൂദിന്റെ 45 കോടി ഡോളര്‍ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകളാണു ബ്രിട്ടിഷ് അധികൃതര്‍ മരവിപ്പിച്ചത്.
ദാവൂദിന്റെ ബ്രിട്ടനിലെ വാര്‍വിക്ഷറില്‍ലെ ഒരു ഹോട്ടലും ബര്‍മിങ്ങാമിനടുത്ത് മിഡ്‌ലന്‍ഡ്‌സിലെ വസതികളും പൂട്ടി മുദ്രവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2015 ല്‍ ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ദാവൂദിന്റെ മിഡ് ലാന്‍ഡിലുള്ള അനധികൃത സ്വത്തുക്കളെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കണ്ടുകെട്ടിയത്. കഴിഞ്ഞ ദിവസം ബ്രിട്ടന്‍ പുറത്ത് വിട്ട പുതുക്കിയ 21 സാമ്പത്തിക അംഗ ഉപരോധ പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം.
ബ്രിട്ടനിലെ സ്വത്തു വകകള്‍ മിക്കതും ദാവൂദിന്റെ പാകിസ്താനിലെ വിലാസങ്ങളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അറുപത്തിയൊന്നുകാരനായ ദാവൂദ് ഇബ്രാഹീം മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയാണ്. 1993 മുതല്‍ ഒളിവില്‍ പോയ ദാവൂദിനെ സംബന്ധിക്കുന്ന കേസുകളുടെ രേഖകള്‍ ഒന്നടങ്കം ഇന്ത്യ 2015 ല്‍ ബ്രിട്ടനു കൈമാറിയിരുന്നു. യുകെ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖകളില്‍ ദാവൂദ് ഇബ്രാഹിമിന്റെ പാക്കിസ്ഥാനിലെ കറാച്ചിയിലെ തന്നെ മൂന്ന് അഡ്രസുകളിലുള്ള സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദാവൂദിന്റെ കുപ്രസിദ്ധമായ ഡി കമ്പനിക്ക് അല്‍ഖെയ്ദയുമായി ഇടപാടുകളുണ്ടെന്നാണ് വിവരം. ഫോബ്‌സ് മാഗസിന്റെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ പട്ടികയില്‍ തുടര്‍ച്ചയായി ഇടം പിടിക്കുന്ന ആളാണ് ദാവൂദ് ഇബ്രാഹിം. ലോകമെമ്പാടുമായി 700 കോടി ഡോളറിന്റെ ആസ്തികളാണു ദാവൂദിനുള്ളത്. ഇതില്‍ പകുതിയും ബ്രിട്ടനിലും ദുബായിലും ഇന്ത്യയിലുമുള്ള നിക്ഷേപങ്ങളാണ്. ദുബായിലുള്ള 15000 കോടി രൂപയുടെ സ്വത്തുക്കള്‍ നേരത്തേ മരവിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല