ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍ കടുത്ത സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിയിട്ടും യു കെയിലെ എക്കോണമി രക്ഷപെട്ടില്ല.മൂന്നു വര്‍ഷത്തിനിടെ തുടര്‍ച്ചയായ രണ്ടാം തവണ ബ്രിട്ടന്‍ മാന്ദ്യത്തിലേക്ക് കൂപ്പു കുത്തി.മാര്‍ച്ച് മാസത്തില്‍ അവസാനിച്ച മൂന്നു മാസം സാമ്പത്തിക രംഗം
0.2% ശതമാനം തളര്‍ച്ച രേഖപ്പെടുത്തിയതോടെയാണ് 2009 -ന് ശേഷം രാജ്യത്ത് മാന്ദ്യം സംഭവിച്ചതായി ഔദ്യോകിക സ്ഥിരീകരണം ഉണ്ടായത്.ഇക്കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച മൂന്നു മാസവും സാമ്പത്തിക രംഗം 0.3 ശതമാനം ഇടിഞ്ഞിരുന്നു.
തുടര്‍ച്ചയായ രണ്ടു ത്രൈമാസ കണക്കുകള്‍ പ്രകാരം സാമ്പത്തിക വളര്‍ച്ച ഇടിയുന്നതിനെയാണ് മാന്ദ്യമായി കണക്കാക്കുന്നത്.നിര്‍മാണ മേഖലയില്‍ ഉണ്ടായ ഇടിവാണ് പ്രതീക്ഷയ്ക്ക് വിരുദ്ധമായി രാജ്യത്തെ രണ്ടാം മാന്ദ്യത്തിലെക്കെത്തിച്ചത്.പുതിയ കണക്കുകള്‍ അങ്ങേയറ്റം നിരാശാജനകം ആണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.ഇപ്പോഴുള്ള പരിഷ്ക്കാരങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും രാജ്യത്ത് വളര്‍ച്ച കൈവരിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ചാന്‍സലറുടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളുടെ സൃഷ്ട്ടിയാണ് ഇപ്പോഴത്തെ മാന്ദ്യമെന്ന് പ്രതിപക്ഷ നേതാവ് എഡ് മിലിബാന്ദ് ആരോപിച്ചു.
ഇക്കഴിഞ്ഞ മൂന്നു മാസം ഉല്‍പ്പാദന മേഖലയും നിര്‍മാണ മേഖലയും യഥാക്രമം 0.4%, ,3% എന്ന തോതില്‍ തളര്‍ന്നപ്പോള്‍ സേവന മേഖല 0.1%. വളര്‍ച്ച രേഖപ്പെടുത്തി.സര്‍ക്കാര്‍ സഹായം കുറഞ്ഞതാണ് നിര്‍മാണ മേഖലയിലെ ഇടിവിനു പ്രധാന കാരണം.പൊതുമേഖലയിലെ വീടുനിര്‍മാണത്തിന് 25 ശതമാനവും ഇതര മേഖലയില്‍ 20 ശതമാനവും സര്‍ക്കാര്‍ മുതല്‍മുടക്ക് കുറഞ്ഞു.ഇതാണ് മാന്ദ്യത്തിലേക്ക് രാജ്യത്തെ വഴി നയിച്ചതെന്ന് നിര്‍മാണ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.എന്നാല്‍ എക്കോണമിയിലെ ഈ ചാഞ്ചാട്ടം ഈ വര്‍ഷം മുഴുവന്‍ തുടരുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മെര്‍വിന്‍ കിംഗ് അഭിപ്രായപ്പെടുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല