സ്വന്തം ലേഖകൻ: എൻഎച്ച്‌എസ് തൊഴിലാളികൾക്ക് മുമ്പ് നിർദ്ദേശിച്ച 2.1% ശമ്പള വർദ്ധനവ് സർക്കാർ തട്ടിമാറ്റിയതായി ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നാല് പ്രധാന എൻഎച്ച്‌എസ് തൊഴിലാളി യൂണിയനുകൾ ബജറ്റിൽ വെറും 1% ശമ്പള വർദ്ധനവ് നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
ഇംഗ്ലണ്ടിലെ എൻഎച്ച്‌എസ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്‌എസ് പ്രൊവൈഡേഴ്‌സ്, വർഷങ്ങൾക്കു മുമ്പ് സർക്കാർ രൂപീകരിച്ച ഒരു ദീർഘകാല പദ്ധതി പ്രകാരം 2021/22 ൽ ആരോഗ്യ പ്രവർത്തകർക്ക് 2 ശതമാനത്തിലധികം ശമ്പള വർദ്ധനവ് ശുപാർശ ചെയ്തിരുന്നത് ഓർമ്മിപ്പിച്ചു. യൂണിയനുകളിൽ നിന്നും പ്രതിപക്ഷ എംപിമാരിൽ നിന്നുമുള്ള രൂക്ഷമായ പ്രതികരണങ്ങൾ അവഗണിച്ചാണ് സർക്കാർ ഈ വർഷത്തെ നിർദ്ദിഷ്ട ശമ്പള വർധന 1% ആക്കിയത്.
സർക്കാർ നടപടിയിൽ വിമർശനം ശക്തമാകുന്ന സാഹചര്യത്തിൽ റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് 35 മില്യൺ ഡോളറിൻ്റെ വ്യാവസായിക ആക്ഷൻ ഫണ്ട് രൂപീകരിക്കുന്നതായി അറിയിച്ചു. അതേ സമയം മറ്റൊരു യൂണിയൻ അടുത്തയാഴ്ച ഒരു “സ്ലോ ഹാൻഡ് ക്ലാപ്“ പ്രതിഷേധം ആസൂത്രണം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്.
എന്നാൽ നേരത്തെ യൂണിയനുകളുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു ദശലക്ഷത്തിലധികം എൻഎച്ച്എസ് ഉദ്യോഗസ്ഥർ ഇതിനകം ശമ്പള വർദ്ധനവിൻ്റെ ഗുണങ്ങൾ അനുഭവിക്കുന്നു എന്നാണ് സർക്കാർ നിലപാട്. ഈ കരാറുകൾ അനുസരിച്ച് പുതുതായി യോഗ്യത നേടുന്ന നഴ്‌സുമാർക്ക് 12% ശമ്പള വർദ്ധനവ് ലഭിക്കുമ്പോൾ ജൂനിയർ ഡോക്ടർമാരുടെ ശമ്പള സ്കെയിൽ 8.2% വർദ്ധിച്ചതായും സർക്കാർ വാദിക്കുന്നു.
മറ്റ് പൊതുമേഖലാ ജീവനക്കാരെ ബാധിക്കുന്ന ശമ്പളം മരവിപ്പിക്കൽ നീക്കത്തിൽ നിന്ന് എൻഎച്ച്എസ് ജീവനക്കാരെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്തതെന്ന് വെള്ളിയാഴ്ച വൈകുന്നേരം വാർത്താ സമ്മേളനത്തിൽ സംസാരിച്ച ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ശമ്പള വർദ്ധന തീരുമാനിക്കുമ്പോൾ അത് നിലവിലെ സാഹചര്യങ്ങളിൽ താങ്ങാവുന്നതാണ് എന്നും കണക്കിലെടുക്കണമെന്നും ആരോഗ്യ സെക്രട്ടറി ഊന്നിപ്പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല