സ്വന്തം ലേഖകൻ: ബ്രിട്ടനിലെത്തുന്നവർക്ക് സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വേനലവധി ബ്രിട്ടന് പുറത്ത് ചെലവഴിക്കാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടിയാണ് ബോറിസ് ജോൺസൺ സർക്കാരിന്റെ പുതിയ നീക്കം.
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ വ്യാപിക്കുന്നത് അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുന്നതിനാൽ ഈ നയം ഉടൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്കൈ ന്യൂസിനോട് പറഞ്ഞു.
ഇത്തരത്തിൽ വിദേശത്ത് നിന്നെത്തുന്ന ആയിരക്കണക്കിന് ആളുകളെ സ്വീകരിക്കാൻ ഹോട്ടൽ ഗ്രൂപ്പുകൾ തയാറാണെങ്കിലും ഈ നീക്കം യാത്രാ വ്യവസായത്തിന് മറ്റൊരു കനത്ത ആഘാതമാകും. കൊവിഡ് നിയന്ത്രണങ്ങളുടെ തടസ്സമില്ലാത്ത വിദേശ യാത്രകൾ ഈ വേനലവധിയ്ക്കെങ്കിലും മടങ്ങിവരാൻ സാധ്യതയില്ലെന്നതിന്റെ സൂചനയാണ് ഇതെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു.
കൊവിഡ് ബാധിച്ച് മരിച്ച ജോൺ വർഗീസിന്റെ ഭാര്യ മരിയ ജോണും യാത്രയായി
രണ്ടാഴ്ച മുമ്പ് ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ച ജോൺ വർഗീസിന്റെ ഭാര്യ മരിയ ജോണും (70) കൊവിഡ് മൂലം മരിച്ചു. ആഴ്ചകളായി ആശുപത്രിയിലും വീട്ടിലുമായി ചികിൽസയിലായിരുന്നു മരിയ. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡിലായിരുന്നു ദമ്പതിമാർ താമസിച്ചിരുന്നത്. കോട്ടയം പെരുമ്പായിക്കാട് തോപ്പിൽ കുടുംബാഗങ്ങളാണ് ബേബിച്ചൻ എന്നറിയപ്പെടുന്ന ജോൺ വർഗീസും ഭാര്യ മരിയയും.
ജിയോ (അമേരിക്ക), അല്ലി (യുകെ) എന്നിവർ മക്കളാണ്. രണ്ടുദിവസം മുമ്പായിരുന്നു ജോൺ വർഗീസിന്റെ സംസ്കാരം ബ്രിട്ടനിൽ നടന്നത്. ഇതിനു പിന്നാലെയെത്തിയ ഈ ദുഃഖവാർത്തയുടെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. 24 മണിക്കൂറിനിടെ ബ്രിട്ടനിൽ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മരിയ ജോൺ.
ലിവർപൂളിലെ മലയാളികൾക്കെല്ലാം പ്രിയങ്കരനായിരുന്ന ജോസ് കണ്ണങ്കരയും ഗ്രേറ്റർ ലണ്ടനിലെ ഹെയ്സിൽ താമസിച്ചിരുന്ന തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി സുജ പ്രേംജിത്തുമാണ് മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ച മറ്റു രണ്ടുപേർ. ജോസ് കാൻസർ ചികിൽസയിലായിരുന്നെങ്കിൽ സുജ പ്രേംജിത് കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല