1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2023

സ്വന്തം ലേഖകൻ: നാലു വർഷത്തിനിടെ കൺസർവേറ്റീവ് പാർട്ടി മൂന്നു പ്രധാനമന്ത്രിമാരെ മാറ്റിയിട്ടും മൂന്നു പേരും പ്രതിരോധ മന്ത്രിയെ മാറ്റിയില്ല. അതായിരുന്നു ബെൻ വാലിസിന്റെ പ്രതിരോധ മികവ്. ബ്രിട്ടന്റെ ഏറ്റവും മികച്ച പ്രതിരോധ മന്ത്രിമാരിൽ ഒരാളായി പേരെടുത്ത ബെൻ വാലിസ് പക്ഷേ, ഇനിയൊരു അങ്കത്തിനില്ല. അടുത്ത കാബിനറ്റ് പുന:സംഘടന ഉണ്ടാകുമ്പോൾ മന്ത്രിസ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. സൺഡേ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വാലിസ് തന്റെ രാഷ്ട്രീയ വിരമിക്കൽ പ്രഖ്യാപിച്ചത്.

ബോറിസ് ജോൺസൺ, ലിസ്സ് ട്രസ്സ്, ഋഷി സുനക് എന്നീ മൂന്നു പ്രധാനമന്ത്രിമാരുടെയും കാബിനറ്റിലെ പ്രതിരോധ മന്ത്രിയായിരുന്നു വാലിസ്. യുക്രെയ്ൻ യുദ്ധത്തിൽ തന്ത്രപ്രധാനമായ നിലപാട് സ്വീകരിച്ച് റഷ്യൻ ആക്രമണത്തോടു ചെറുത്തു നിൽക്കാൻ യുക്രെയ്നെ പ്രാപ്തരാക്കിയതിനു പിന്നിൽ വാലിസിന്റെ തന്ത്രങ്ങൾക്കുള്ള പങ്ക് നിർണായകമാണ്. യുക്രെയ്ന് ആവശ്യമായ ആയുധങ്ങളും പരിശീലനവും നൽകിയായിരുന്നു വാലിസിന്റെ തന്ത്രങ്ങൾ.

പ്രധാനമന്ത്രി ഋഷി സുനക് സെപ്റ്റംബർ മാസത്തിൽ മന്ത്രിസഭയിൽ നിർണായക മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. അങ്ങനെ വന്നാൽ അതോടെ വാലിസ് മന്ത്രിസഭയിൽനിന്നും ഒഴിവാകും. പ്രിസ്റ്റൺ നോർത്ത് മണ്ഡലത്തിൽനിന്നുള്ള വാലിസിന് ഇനി തിരഞ്ഞെടുപ്പിൽ മൽസരിക്കാനും പദ്ധതിയില്ല.

അമ്പത്തിമൂന്നുകാരനായ വാലിസ് മുൻ സൈനിക ഉദ്യോഗസ്ഥനാണ്. 1999ൽ സ്കോട്ടീഷ് പാർലമെന്റ് അംഗമായാണ് രാഷ്ട്രീയത്തിലെത്തിയത്. 2005ലായിരുന്നു ആദ്യമായി പാർലമെന്റിൽ എത്തിയത്. കാമറൺ മന്ത്രിസഭയിലും തെരേസ മേ മന്ത്രിസഭയിലും നോർതേൺ അയർലൻഡിന്റെയും ഹോം ഓഫിസിന്റെ ചുമതലയുള്ള സഹമന്ത്രിയായി പ്രവർത്തിച്ചശേഷമാണ് ബോറിസിനൊപ്പം പ്രതിരോധ മന്ത്രിയായത്.

ബെൻ വാലിസിനെ നാറ്റോയുടെ ചീഫായി നിയമിച്ചേക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ആ മൽസരത്തിനും താനില്ലെന്നാണ് വാലിസിന്റെ പ്രഖ്യാപനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.