കുടിയേറ്റക്കാരെ നിയന്ത്രിക്കാനും പുറത്താക്കാനും അവസരം നോക്കിയിരുന്ന ബ്രിട്ടന് കിട്ടിയ ഒരു പിടിവള്ളിയായിരിക്കുകയാണ് കഴിഞ്ഞാഴ്ച ബ്രിട്ടനില്‍ അരങ്ങേറിയ കലാപം. കലാപത്തില്‍ ഏര്‍പ്പെട്ട വിദേശിയരെ നാട് കടത്താനുള്ള തീരുമാനമാണിപ്പോള്‍ ബ്രിട്ടന്‍ കൈക്കൊണ്ടിരിക്കുന്നത്. കലാപത്തെ തുടര്‍ന്നുണ്ടായ കൊള്ളയിലും കൊള്ളിവെപ്പിലും ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് 150 ല്‍ അധികം വിദേശിയരാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡാമിയന്‍ ഗ്രീന്‍ പറഞ്ഞതിങ്ങനെ:”യുകെയില്‍ നിയമ ലംഘനം നടത്തിയ വിദേശിയരെ മറ്റൊരു ആനുകൂല്യവും നല്‍കാതെ തുടക്കത്തിലെ പുറത്താക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്”
ക്രിമിനല്‍ പ്രവര്‍ത്തികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പക്ഷം വിദേശ രാജ്യക്കാരുടെ വിസ റദ്ദാക്കാനുള്ള അധികാരം ബ്രിട്ടീഷ് ഭരണകൂടത്തിനുണ്ട്. ഈ അധികാരത്തെ ഉപയോഗപ്പെടുത്തിയാണ് ലണ്ടന്‍ കലാപത്തിലേര്‍പ്പെട്ട കുടിയേറ്റക്കാരെ ബ്രിട്ടന്‍ രാജ്യദ്രോഹ കുറ്റം ചുമത്തി പുറത്താക്കുന്നത്. അതേസമയം കലാപത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടികളാണ് ബ്രിട്ടന്‍ എടുത്തു കൊണ്ടിരിക്കുന്നത്. വളരെ ചെറിയ കുറ്റങ്ങള്‍ക്ക് പോലും വലിയ ശിക്ഷയാണ് കോടതി വിധിക്കുന്നത്.
ഇമിഗ്രേഷന്‍ നിയമപ്രകാരം യൂറോപ്പ്യന്‍ യൂണിയന് പുറത്തു നിന്നുള്ള ആളുകള്‍ ബ്രിട്ടനില്‍ 12 മാസം ജയിലില്‍ കഴിയേണ്ടി വരുന്ന കുറ്റം ചെയ്യേണ്ടി വന്നാല്‍ അവരെ നാട് കടത്താവുന്നതാണ്. അതേസമയം കോടതിയ്ക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അവകാശവുമുണ്ട്. യുകെ ബോര്‍ഡര്‍ ഏജന്‍സിക്കും വിസ പിന്‍ വലിക്കാനാകും എന്നിരിക്കെ കലാപത്തില്‍ ഏര്‍പ്പെട്ട വിദേശികളെ ബ്രിട്ടനില്‍ നിന്നും പുറത്താക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല