സ്വന്തം ലേഖകൻ: അഞ്ചു വർഷം കൊണ്ട് 50,000 നഴ്സുമാരെ കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കാൻ ബ്രിട്ടൻ. ഇതിനായി ബോറിസ് ജോൺസൺ സർക്കാർ വരും ബജറ്റിലും നല്ലൊരു തുക നീക്കിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫിലിപ്പൈൻസിലും ഇന്ത്യയിലും, ഇന്ത്യയിൽ തന്നെ കേരളത്തിൽ നിന്നുമാണ് റിക്രൂട്ട്മെന്റ് ഏജൻസികൾ പ്രധാനമായും യോഗ്യരായ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്.
ഐഇഎൽടിഎസോ, ഒഇടിയോ പാസായ നഴ്സുമാർക്ക് ഒരു പൈസപോലും മുടക്കാതെ ബ്രിട്ടനിലെത്താനാണ് ഇതോടെ വഴി തെളിയുന്നത്. വിദേശ റിക്രൂട്ട്മെന്റിനായി കഴിഞ്ഞ ബജറ്റിൽ നീക്കിവച്ച 28 മില്യൺ പൗണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഏപ്രിലിൽ അവസാനിക്കാനിരിക്കെ ഈ തുക ഉപയോഗിച്ച് പരമാവധി നഴ്സുമാരെ വിദേശത്തു നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ് ട്രസ്റ്റുകൾ.
ഇംഗ്ലീഷ് യോഗ്യതാ പരീക്ഷ പാസായ ആവശ്യത്തിനാളുകളെ കേരളത്തിൽനിന്നും ലഭിക്കാത്ത സാഹചര്യത്തിൽ ഇൻവേർട്ടീസ് കൺസൾട്ടൻസി പോലുള്ള പ്രമുഖ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ ദുബായ് ആസ്ഥാനമായി പ്രവർത്തിച്ച്, ഗൾഫിൽനിന്നും റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏപ്രിലിനു മുമ്പ് വിവിധ ട്രസ്റ്റുകളിലേക്കായി എണ്ണൂറോളം നഴ്സുമാരെയാണ് ഇൻവേർട്ടീസ് മാത്രം ബ്രിട്ടനിലെത്തിക്കുക.
സൗത്ത് പോർട്ട്, നോർത്ത് കംബ്രിയ, വോസ്റ്റർഷെയർ, നോട്ടിങ്ങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ബ്രാൻസ്ലി ഫൌണ്ടേഷൻ ട്രസ്റ്റ്, ഈസ്റ്റ് സഫോക്സ് ആൻഡ് നോർത്ത് എസെക്സ് ഫൌണ്ടേഷൻ ട്രസ്റ്റ്, ലാങ്ഷെയർ ടീച്ചിംങ് ഹോസ്പിറ്റൽ, വിരാൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ബ്രൈറ്റൺ ആൻഡ് സസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ തുടങ്ങിയ ട്രസ്റ്റുകളിലാണ് നഴ്സുമാരുടെ ക്ഷാമം രൂക്ഷം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല