സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയിലെ സ്വാധീനം ശക്തമാക്കാന്‍ ബ്രിട്ടന്‍, ഇറാനെതിരെ ബ്രിട്ടനെ കൂട്ടുപിടിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍, പുതിയ കൂട്ടുകെട്ടിന്റെ സൂചന നല്‍കി ബ്രിട്ടീഷ്, ജിസിസി ഉച്ചകോടി. വാണിജ്യത്തിനു പുറമെ രാഷ്ട്രീയ, സുരക്ഷാ, പ്രതിരോധമേഖലകളിലും തന്ത്രപ്രധാന സഹകരണം ഉറപ്പാക്കും. മേഖലാ വിഷയങ്ങളില്‍ കൂട്ടായ നിലപാടു കൈക്കൊള്ളാനും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ ഉച്ചകോടിയില്‍ തീരുമാനിച്ചു.
ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അധ്യക്ഷത വഹിച്ചു. ഇറാന്റെ അധിനിവേശ മനോഭാവത്തിനെതിരെ ജിസിസിക്കു പിന്തുണ നല്‍കുന്നതായി ഉച്ചകോടിയില്‍ തെരേസ മേ പ്രഖ്യാപിച്ചു. ഉച്ചകോടി പ്രഖ്യാപനത്തിലും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ബ്രെക്‌സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെ നയരൂപീകരണത്തില്‍ ഗള്‍ഫ് മേഖലക്കുള്ള പ്രധാന്യത്തിനുള്ള തെളിവായിരുന്നു ഉച്ചകോടി.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിരോധമേഖലയില്‍ മാത്രം ബ്രിട്ടന്‍ പത്തുവര്‍ഷത്തിനകം 300 കോടി പൗണ്ട് നിക്ഷേപം നടത്തും. ഗള്‍ഫ് തീരത്തുടനീളം ബ്രിട്ടിഷ് സേനാ സാന്നിധ്യം ഉറപ്പാക്കും. ജിസിസി– ബ്രിട്ടന്‍ വ്യാപാരവും വര്‍ധിപ്പിക്കും. കഴിഞ്ഞ വര്‍ഷം ഇതു 3000 കോടി പൗണ്ടായിരുന്നു. വ്യാപാരച്ചട്ടങ്ങള്‍ ഉദാരമാക്കാന്‍ നടപടിയുണ്ടാകുമെന്നു മേ ഉറപ്പ് നല്‍കി.
ജിസിസി അംഗരാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ വെല്ലുവിളികള്‍ ഒന്നിച്ചു നേരിടുന്നതിനുള്ള തീരുമാനവും രണ്ടു ദിവസത്തെ ഉച്ചകോടി അംഗീകരിച്ചു. അംഗരാജ്യങ്ങളില്‍ നടപ്പാക്കുന്നതിനായി അഴിമതി വിരുദ്ധ ബില്ലിനും അംഗീകാരം നല്‍കി. നിര്‍ദിഷ്ട ഗള്‍ഫ് റെയില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കാനും തീരുമാനമായി.
മേഖലയെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഇറാന്‍ സമാധാനപരാമായ മാര്‍ഗത്തിലൂടെ അയല്‍ക്കാരുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. ഇറാന്‍ അധിനിവേശം തടയാന്‍ ബ്രിട്ടന്‍ സഹായിക്കുമെന്ന് തെരേസാ മേ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല