1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഉയര്‍ന്ന താപനില തുടരുമ്പോള്‍ കൊമ്പു കോര്‍ത്ത് കാലാവസ്ഥാ, വിനോദസഞ്ചാര വകുപ്പുകള്‍. താപനിലയെക്കുറിച്ച് ആശങ്ക പരത്തുന്ന മുന്നറിയിപ്പുകളാണ് കാലാവസ്ഥാ പ്രവചനക്കാര്‍ നല്‍കുന്നതെന്നാണ് വിനോദസഞ്ചാര വകുപ്പ് അധികൃതരുടെ ആരോപണം. മെറ്റ് ഓഫീസ് കഴിഞ്ഞ ദിവസം ആംബര്‍ ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.

ഈ ആഴ്ച ബ്രിട്ടനിലെ താപനില 35 സെല്‍ഷ്യസ് ആകുമെന്നാണ് കരുതുന്നത്. ഇതോടെയാണ് ആരോഗ്യ വകുപ്പിനൊപ്പം ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ സ്‌കൂള്‍ അവധി പ്രമാണിച്ച് ബീച്ചുകളിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

പരമാവധി സൂര്യതാപം ഏല്‍ക്കാതെയും, 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ വീടിനകത്ത് തുടരാനുമായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ യുകെ ഹോസ്പിറ്റാലിറ്റി മേധാവികള്‍ ഇതിനെതിരെ രംഗത്ത് വരികയായിരുന്നു. മുന്നറിയിപ്പ് മണ്ടത്തരമാണെന്നും, കാലാവസ്ഥ സുഖകരമായി ആസ്വദിക്കാനുമാണ് അധികൃതരുടെ ആഹ്വാനം.

ബ്രിട്ടീഷ് ടൂറിസം മേഖലയ്ക്ക് വീണുകിട്ടിയ സുവര്‍ണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ 1961ന് ശേഷം ഏറ്റവും വരണ്ട വേനല്‍ക്കാലമാണിതെന്ന് മെറ്റ് ഓഫീസ് പറയുന്നു. വരള്‍ച്ചയില്‍ നിന്ന് മീനുകളെ രക്ഷപ്പെടുത്തുന്നതും കാട്ടുതീയും ഉള്‍പ്പെടെ 44 ഓളം സംഭവങ്ങളില്‍ ഇടപെട്ടതായി എന്‍വയോണ്‍മെന്റ് ഏജന്‍സിയും വ്യക്തമാക്കി.

മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ഇവയെ ഉച്ചസമയങ്ങളില്‍ പുറത്ത് നടത്തരുതെന്ന് ആര്‍എസ്പിസിഎ മുന്നറിയിപ്പ് നല്‍കി. സൗത്ത് ഈസ്റ്റ്, സൗത്ത്, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വരെ മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. എന്നാല്‍ മുന്നറിയിപ്പ് വകവെക്കാതെ സ്‌കൂള്‍ അവധിയായതിനാല്‍ കൂടുതല്‍ ബീച്ചുകളിലും, ബ്രിട്ടീഷ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വന്‍ തിരക്കാണ്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.