സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അന്താരാഷ്ട്ര യാത്രക്കാരുടെ ഹോട്ടൽ ക്വാറൻ്റീൻ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ. 55 മില്യൺ ഡോളർ അധികച്ചെലവാണ് ഈ പദ്ധതി ബോറിസ് ജോൺസൺ സർക്കാരിന് വരുത്തിവക്കുക. ഇതിൽ ഒരു ഭാഗം പിന്നീട് യാത്രക്കാരിൽ നിന്ന് തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു ദിവസം ഏതാണ്ട് 28,000 ഹോട്ടൽ മുറികളിലായി 1,425 യാത്രക്കാരെ ക്വാരൻ്റീൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മാർച്ച് 31 വരെയാണ് ഹോട്ടൽ ക്വാ റൻ്റീൻ പദ്ധതി പ്രാബല്യത്തിലുണ്ടാവുക. കൂടാതെ ഓരോ ആഴ്ചയും പദ്ധതി പുനരവലോകനം നടത്തും. 11 രാത്രികൾ ക്വാറന്റൈനിൽ ചെലവിടുന്ന യാത്രക്കാർക്ക് 800 ഡോളർ വരെ ചിലവിൽ ഒരു ദിവസം മൂന്ന് നേരം ഭക്ഷണവും സർക്കാർ നൽകും.
ഹീത്രോ, ഗാറ്റ്വിക്ക്, ലണ്ടൻ സിറ്റി, ബർമിംഗ്ഹാം, ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, എഡിൻബർഗ്, ഗ്ലാസ്ഗോ, ആബർഡീൻ എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങൾക്ക് സമീപമുള്ള ഹോട്ടലുകളായിരിക്കും ക്വാറന്റൈനിന് തിരഞ്ഞെടുക്കുക. 30 “റെഡ് ലിസ്റ്റ്” കൊവിഡ് -19 ഹോട്ട്‌സ്പോട്ടുകളിൽ നിന്ന് യുകെ പൗരന്മാർക്കും രാജ്യത്തേക്ക് മടങ്ങുന്ന താമസക്കാർക്കും ഈ നിയമങ്ങൾ ബാധകമാകും.
പദ്ധതി പ്രഖ്യാപിച്ച് ഏകദേശം മൂന്നാഴ്ച കഴിഞ്ഞാണ് നിയമം പ്രാബല്യത്തിൽ വരുന്നത് എന്നതിനാൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തി. ദക്ഷിണാഫ്രിക്കൻ കൊവിഡ് വേരിയന്റ് യുകെയിൽ കണ്ടെത്തി ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് ലേബർ നേതാക്കൾ കുറ്റപ്പെടുത്തി.
പുതിയ കൊവിഡ് വേരിയൻ്റുകൾ വ്യാപിക്കുന്നതിൽ നിന്ന് യുകെ അതിർത്തികൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് മന്ദഗതിയിലാണെന്ന് ഷാഡോ ഹോം സെക്രട്ടറി നിക്ക് തോമസ്ണ സൈമൻഡ്‌സ് പറഞ്ഞു.
കൊവിഡ് വരുത്തുന്ന നാലായിരത്തോളം വൈറസുകൾ ഇപ്പോൾ ലോകത്തുണ്ടെന്ന് ബ്രിട്ടനിലെ വാക്സിൽ വിതരണച്ചുമതയിലുള്ള മന്ത്രി നദീം സഹാവി വ്യക്തമാക്കി. അതിവേഗം പടരുന്ന ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കൻ, ബ്രസീലിയൻ വകഭേദങ്ങൾ അടക്കം ജനിതക വ്യതിയാനം സംഭവിച്ച ആയിരക്കണക്കിനു വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സ്കൈ ന്യൂസ് ചാനലിന്റെ പാരിപാടിയിൽ അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല