യുകെയിലെ തൊഴിലില്ലായ്മ കുത്തനെ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴും നഴ്സുമാരുള്‍പ്പെടെയുള്ള 2400 തസ്തികകളില്‍ റൊമാനിയയില്‍ നിന്നുള്ളവരെ നിയമിക്കാനായി പരസ്യം. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റംഗങ്ങളില്‍ ഒരു വിഭാഗം രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ദിവസങ്ങള്‍ക്കുമുമ്പാണ് രാജ്യത്തെ തൊഴിലില്ലായ്മ 17 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കനുസരിച്ച് തൊഴില്‍രഹിതരുടെ എണ്ണം 26.8 ലക്ഷമാണ്.
നഴ്സുമാര്‍ക്കു പുറമെ എന്‍ജിനീയര്‍മാര്‍, ഷെഫുകള്‍, മറ്റു വിദഗ്ധ തൊഴിലാളികള്‍ എന്നിവരെ ആവശ്യമുണ്െടന്ന് കാണിച്ച് റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് പരസ്യം ചെയ്തിരിക്കുന്നത്. പുതുവര്‍ഷം, പുതിയ ജോലി, പുതുജീവിതം എന്ന് ആകര്‍ഷകമായ തലവാചകത്തോടെയാണ് വെബ്സൈറ്റിലെ തൊഴില്‍വാഗ്ദാനം. ഇംഗ്ളീഷിലുള്ള പരസ്യത്തില്‍ മണിക്കൂറിന് 12 പൌണ്ട് നിരക്കില്‍ കെയര്‍ ഹോമുകളിലേക്ക് നഴ്സുമാരെ വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കുറഞ്ഞ പ്രതിമാസ ശമ്പളം 750 പൌണ്ട് വാഗ്ദാനം ചെയ്യുന്ന സെയില്‍സ് സ്റാഫിനെയും വിളിച്ചിട്ടുണ്ട്. ജൂണിയര്‍ ഡോക്ടര്‍മാര്‍, എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍മാര്‍ എന്നിവരെയും വേണം.
യു കെയിലെമ്പാടുമായി 28 ടാക്സി ഡ്രെെവര്‍മാരെയും ആവശ്യമുണ്ട്. ബ്രിട്ടീഷുകാര്‍ ഇത്തരം ജോലികള്‍ക്ക് തയാറാകാത്തതുകൊണ്ടാണ് റൊമാനിയ പോലുള്ള രാജ്യങ്ങളില്‍നിന്ന് റിക്രൂട്ട്മെന്റ് നടത്തുന്നതെന്ന് ഫോറം ഓഫ് പ്രെെവറ്റ് ബിസിനസ് വക്താവ് ഫില്‍ മാക് കാബ് ചൂണ്ടിക്കാട്ടി. വിദഗ്ധരായ തൊഴിലാളികള്‍ ബ്രിട്ടണിലില്ല. തൊഴില്‍ ചെയ്യാന്‍ തയാറുള്ള പലര്‍ക്കും കണക്കും എഴുതലുമൊക്കെ കമ്മിയാണ് അദ്ദേഹം വിശദമാക്കുന്നു.
സൌത്ത് വെസ്റ് മേഖലയില്‍ ടാക്സി ഡ്രെെവര്‍മാരെ വേണമെന്ന് പരസ്യത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ മേഖലയിലെ തൊഴിലില്ലാത്തവരുടെ എണ്ണം 176,000 ആണ്. അതുപോലെ സൌത്ത് ഈസ്റില്‍ 276,000 തൊഴില്രഹിതരുണ്െടങ്കിലും ഹോട്ടല്‍ ജോലിക്ക് ആളെ കിട്ടാനില്ല. രാജ്യത്തെമ്പാടുമായി യുവതൊഴില്രഹിതരുടെ എണ്ണം ഇതാദ്യമായി പത്തു ലക്ഷമായി വര്‍ധിച്ചിരിക്കുകയാണെന്നും കഴിഞ്ഞയാഴ്ച പുറത്തിറക്കിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല