സ്വന്തം ലേഖകൻ: ഐ ടിവി റിയാലിറ്റി ഷോ ബ്രിട്ടൻ ഗോട്ട് ടാലന്റിൽ ചരിത്ര നേട്ടത്തിന് തൊട്ടരികെ മലയാളി പെൺകുട്ടി സൗപർണിക. ഈ ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ആദ്യത്തെ മലയാളിയും സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൽസരാർഥിയുമാണ് സൗ എന്ന് സംഗീത പ്രേമികൾ വിളിക്കുന്ന സൗപർണിക.
സൈമൺ കോവലിന്റെ നേതൃത്വത്തിലുള്ള ജഡ്ജിംങ് പാനലിനു മുന്നിൽ സങ്കോചങ്ങളൊന്നുമില്ലാതെ ചിരിച്ചുപാടുന്ന സൗ ഇന്നു രാത്രി ബ്രിട്ടിഷ് സമയം എട്ടിന് ഷോയുടെ സെമിയിൽ പ്രത്യക്ഷപ്പെടുമ്പോൾ മലയാളി സമൂഹം ഒന്നടങ്കം നെഞ്ചിടിപ്പോടെ പ്രാർഥനയിലാണ്. ലക്ഷക്കണക്കിന് ആരാധകരുള്ള ബിജിടി ഷോയിലൂടെ മില്യൺ കണക്കിന് ആളുകളാണ് ഇതിനകം സൗവിന്റെ പാട്ടുകൾ കേട്ടത്.
കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ബിനു നായരുടെയും കൊട്ടാരക്കര വെളിനെല്ലൂർ സ്വദേശി രഞ്ജിതയുടെയും മകളാണ് പത്താംവയസിൽ ലോകമറിയുന്ന പാട്ടുകാരിയായി വളർന്ന സൗപർണികാ നായർ.
ഇന്നു നടക്കുന്ന സെമി ഫൈനലിൽ പങ്കെടുക്കുന്ന എട്ട് മൽസരാർഥികളിൽനിന്ന് രണ്ടു പേർക്ക് ഫൈനലിലേക്ക് അവസരം ലഭിക്കും. ഒരാളെ നേരിട്ട് ജഡ്ജിമാർ തിരഞ്ഞെടുക്കുമ്പോൾ രണ്ടാമത്തെയാളെ പ്രേക്ഷകരുടെ വോട്ടിംങ്ങിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. രാത്രി എട്ടുമുതൽ പത്തുവരെ നടക്കുന്ന മൽസരത്തിനു ശേഷം വോട്ടിംങ് ആരംഭിക്കും. തിങ്കളാഴ്ച രാവിലെ പത്തു വരെയാണ് വോട്ടിംങ്ങിനുള്ള സമയം.
ബ്രിട്ടനിലുള്ളവർക്കു മാത്രമാണ് വോട്ടു ചെയ്യാൻ കഴിയുക. ബിജിടി ആപ്പ് ഡൗൺലോഡ് ചെയ്താണ് വോട്ട് ചെയ്യേണ്ടത്. ഓരു ഡിവൈസിൽ നിന്നും അഞ്ച് വോട്ടുകൾ വരെ ചെയ്യാം. എട്ടു പേർ വീതം പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ സെമിഫൈനൽ മൽസരങ്ങളിൽനിന്നും ജയിച്ചുവരുന്ന പത്തു പേരാകും ഫൈനലിൽ ഏറ്റുമുട്ടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല