സ്വന്തം ലേഖകൻ: ലോകമെങ്ങുമുള്ള സംഗീതാസ്വാദകരുടെ ശ്രദ്ധ കവര്‍ന്ന യുകെ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍ വീണ്ടും വാര്‍ത്തകളില്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ക്വയറായ ‘യെങ്ങ് വോയിസി’ന്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി ക്ഷണം ലഭിച്ചിരിക്കുകയാണ് സൗപര്‍ണികയ്ക്ക്. യുകെയിലെ 4500 സ്കൂളുകളില്‍ നിന്നുള്ള രണ്ടര ലക്ഷം പ്രൈമറി സ്കൂള്‍ കുട്ടികളാണ് വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ക്വയറില്‍ പങ്കെടുക്കുന്നത്.
യുകെയില്‍ സ്ഥിരതാമസമാക്കിയ ഡോ.ബിനു നായരുടെയും രഞ്ജിതയുടെയും മകളാണ് സൗപര്‍ണിക. കൊല്ലം സ്വദേശികളാണ് ഇവര്‍. യെങ്ങ് വോയിസിലേയ്ക്ക് ക്ഷണം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സൗപര്‍ണികയുടെ പിതാവ് ഡോ. ബിനു നായര്‍ പറഞ്ഞു.
ജനുവരി- ഫെബ്രുവരി മാസങ്ങളിലായി ഏകദേശം 35 ഓളം ഷോകളാണ് വിവിധസ്ഥലങ്ങളില്‍ യെങ്ങ് വോയ്സിന്റേതായി നടക്കുന്നത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം തുടങ്ങി മലയാളികള്‍ ഏറെയുള്ള സ്ഥലങ്ങളില്‍ യെങ്ങ് വോയ്‌സിന് വേദികളുണ്ട്. ഷോയില്‍ എല്ലാ ദിവസവും സൗപര്‍ണിക പങ്കെടുക്കുന്നുണ്ട്.
ബിബിസി വണ്ണിന്റെ മൈക്കല്‍ മെക്കെന്റെര്‍ ഷോയിലും സൗപര്‍ണിക പങ്കെടുത്തിട്ടുണ്ട്. ആ പ്രകടനത്തിലൂടെ യുകെയിലെ സംഗീതപ്രേമികള്‍ക്കിടയില്‍ ലഭിച്ച പ്രശസ്തി ഇവിടുത്തെ മറ്റ് ടിവി സംഗീത പ്രോഗ്രാമുകളിലും സൗപര്‍ണികയ്ക്കായി നിരവധി അവസരങ്ങള്‍ക്കു വഴിതുറന്നിട്ടുണ്ട്. സൗപര്‍ണിക നായര്‍ എന്ന യു ട്യൂബ് ചാനലും ഈ കൊച്ചു മിടുക്കിക്കുണ്ട്.
ബ്രിട്ടന്‍ ഗോട്ട് ടാലന്റിലെ സൗപര്‍ണികയുടെ അസാമാന്യ പ്രകടനം കണ്ട് എല്ലാ വിധികര്‍ത്താക്കളും വേദിയിലും സദസ്സിലുമുള്ള ആയിരക്കണക്കിന് ആസ്വാദകരും എഴുന്നേറ്റു നിന്നു കരഘോഷത്തോടെ സൗപര്‍ണികയെ അഭിനന്ദിച്ചിരുന്നു. സൈമണ്‍ കോവെല്‍ , അമന്‍ഡാ ഹോല്‍ഡന്‍, അലിഷ ഡിക്സണ്‍, ഡേവിഡ് വില്യംസ് എന്നിവരായിരുന്നു ഈ പരിപാടിയിലെ വിധികര്‍ത്താക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല