1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2012

രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം ബ്രട്ടീഷ് ജനതയെ നിരാശയിലേക്ക് തളളി വിട്ടിരിക്കുകയാണന്നും എത്രയും പെട്ടന്ന് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ജനങ്ങളുടെ പ്രതിക്ഷേധം ആളിക്കത്തുമെന്നും എംപിമാര്‍. കഴിഞ്ഞ ദിവസം കുടിയേറ്റത്തെ കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് എംപിമാര്‍ ബ്രട്ടീഷ് ജനതയുടെ നിരാശ പങ്കുവച്ചത്. കുടിയേറ്റത്തെ കുറിച്ചുളള പൊതുജനങ്ങളുടെ പരാതി അറിയിക്കാനായി തയ്യാറാക്കിയ ഇ പെറ്റീഷന്‍ സിസ്റ്റം നടപ്പിലാക്കിയതിന് ശേഷം 143,000 പരാതികളാണ് ലഭിച്ചതെന്ന് എംപിമാര്‍ അറിയിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായി കുടിയേറ്റത്തെ ജനങ്ങള്‍ കാണുന്നു എന്നതിന്റെ തെളിവാണ് പരാതികള്‍ ഏറാന്‍ കാരണമെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി.

ഒരു വര്‍ഷത്തിനുളളില്‍ നിലവിലുളള കുടിയേറ്റനിരക്ക് രണ്ട് ലക്ഷമായി കുറക്കാന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിക്കണമെന്ന് എംപിയായ നിക്കോളാസ് സോമസ് ആവശ്യപ്പെട്ടു. കുടിയേറ്റ നിരക്ക് കുറയ്ക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്‍ ലേബര്‍ പാര്‍ട്ടി നേതാവും മന്ത്രിയുമായിരുന്ന ഫ്രാങ്ക് ഫീല്‍ഡും രംഗത്തെത്തി. ആയിരം വര്‍ഷത്തിനിടയ്ക്ക് കുടിയേറ്റനിരക്ക് ഏറ്റവും കൂടിയിരിക്കുന്ന സമയമാണ് ഇതെന്ന് മുന്‍ ബ്രട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചെറുമകന്‍ കൂടിയായ നിക്കോളാസ് സോമസ് പറഞ്ഞു.

പതിനഞ്ച് വര്‍ഷത്തിനിടയ്ക്ക് രാജ്യത്തെ ജനസംഖ്യ 70 മില്യണായിട്ടാണ് വര്‍ദ്ധിച്ചത്. അതായത് 7.7 മില്യണിന്റെ വര്‍ദ്ധനവ്. ഇതില്‍ അഞ്ച് മില്യണും പുതിയ കുടിയേറ്റക്കാരും അവരുടെ കുടുംബവുമാണ്. എട്ട് നഗരങ്ങളിലെ ജനസംഖ്യയ്ക്ക് തുല്യമാണ് പുതിയ കുടിയേറ്റക്കാരുടെ എണ്ണം – സോമാസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ചില എംപിമാര്‍ സോമാസിന്റെ വാദങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഒരു തുറന്ന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ കുടിയേറ്റം രാജ്യത്തിന്റെ ആവശ്യഘടകമാണ് എന്നതാണ് ഇവര്‍ മുന്നോട്ട് വച്ച വാദം. ആശുപത്രികളിലും ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങളിലും നിര്‍മ്മാണ മേഖലയിലും മറ്റും ഈ കുടിയേറ്റക്കാരുടെ ആത്മര്‍ത്ഥമായ പരിശ്രമമാണ് രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം വാദങ്ങള്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണന്നായിരുന്നു എതിരാളികളുടെ വാദം.

മൈഗ്രേഷന്‍ വാച്ചാണ് കുടിയേറ്റത്തെ കുറിച്ചുളള പൊതുജനങ്ങളുടെ പരാതി അറിയിക്കാന്‍ ഇ പെറ്റീഷന്‍ സിസ്റ്റം നടപ്പിലാക്കിയത്. ഒരാഴ്ചയ്ക്കുളളിലാണ് ഇത്രയധികം പരാതികള്‍ ലഭിച്ചത് എന്നതിനാലാണ് അടിയന്തിരമായി പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. കുടിയേറ്റ നിരക്ക് കുറയ്ക്കുമെന്ന ഗവണ്‍മെന്റിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുമെന്ന് പുതിയ കുടിയേറ്റ മന്ത്രിയായ മാര്‍ക്ക് ഹാര്‍പെര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കുടിയേറ്റം രാജ്യത്തിന് ഗുണം ചെയ്യുമെങ്കിലും അമിതമായ അളവിലായാല്‍ അത് രാജ്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.