സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വാക്സിൻ പാസ്പോർട്ട് ആശയവുമായി ബോറിസ് ജോൺസൺ. പബ്ബുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ സന്ദർശകർക്ക് വാക്സിൻ പാസ്പോർട്ട് ആവശ്യമായി വന്നേക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ ഈ ആശയം ബോറിസ് ജോൺസൺ തന്നെ തള്ളിയിരുന്നു. എന്നാൽ കൊവിഡ് മൂന്നാം തരംഗം ഇയു രാജ്യങ്ങളിൽ ആഞ്ഞടിച്ചതോടെ പ്രധാനമന്ത്രി നിലപാട് മാറ്റുകയായിരുന്നു.
യൂറോപ്പിലെ ഏറ്റവും വേഗമേറിയ വാക്സിനേഷൻ കാമ്പയിനാണ് നിലവിൽ ബ്രിട്ടൻ്റേത്. ഇതിനകം 29 ദശലക്ഷം ആളുകൾക്ക് രാജ്യത്ത് ആദ്യത്തെ ഡോസ് വാക്സിൻ ലഭിച്ചു. വാക്സിനേഷൻ കാമ്പയിൻ്റെ വിജയം കാരണം സമ്പദ്‌വ്യവസ്ഥ കഴിയും വേഗത്തിൽ തുറക്കാൻകഴിയുമെന്ന് ജോൺസൺ പറഞ്ഞു. ഇതിൻ്റെ ഭാഗമായാണ് പബ്ബുകളിൽ വാക്സിൻ പാസ്പോർട്ടുള്ള സന്ദർശകരെ അനുവദിക്കാനുള്ള നീക്കം.
കഴിഞ്ഞ മാസം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പടിപടിയായി ലഘൂകരിക്കാനുള്ള റോഡ് മാപ്പ് പ്രഖ്യാപിച്ചപ്പോൾ ഏതെങ്കിലും തരത്തിലുള്ള വാക്സിൻ പാസ്‌പോർട്ട് പദ്ധതി സർക്കാരിൻ്റെ പരിഗണനയിൽ ഇല്ലെന്ന് ജോൺസൺ പറഞ്ഞിരുന്നു. എന്നാൽ അന്താരാഷ്ട്ര യാത്രകൾക്ക് ചില സർട്ടിഫിക്കേഷനുകൾ ആവശ്യമാണെന്നായിരുന്നു മന്ത്രിമാരുടെ നിലപാട്.
തുടർന്ന് വിനോദ സഞ്ചാര, ഹോസ്പിറ്റാലിറ്റി മേഖലകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള കാര്യത്തിൽ വാക്സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഉപയോഗിക്കാമെന്ന് അവലോകനം ചെയ്യാൻ മുതിർന്ന മന്ത്രി മൈക്കൽ ഗോവിനെ ജോൺസൺ ചുമതലപ്പെടുത്തി. എന്നാൽ വാക്സിൻ പാസ്പോർട്ട് എന്നത് അപകടകരമായ ആശയമാണെന്ന് കൺസർവേറ്റീവുകളെ പ്രതിനിധീകരിച്ച് സ്റ്റീവ് ബേക്കർ പറഞ്ഞു.
നിലവിൽ വിദേശ അവധിക്കാല ആഘോഷങ്ങൾ മിക്കവാറും നഷ്ടമായ ബ്രിട്ടീഷുകാർക്ക് വാക്സിൻ പാസ്‌പോർട്ട് പ്രതീക്ഷ നൽകുന്നുണ്ട്. “നിങ്ങൾ കൊവിഡ് വാക്സിൻ എടുത്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് അകത്തേക്ക് വരാൻ കഴിയില്ലെന്ന് മറ്റൊരു രാജ്യം പറഞ്ഞാൽ, അത് തെളിയിക്കാൻ വാക്സിൻ പാസ്പോർട്ട് ബ്രിട്ടീഷുകാരെ സഹായിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്നായിരുന്നു ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല