സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷത്തിനിടെ സിറിയയിലും ഇറാഖിലുമായി ബ്രിട്ടന്‍ വധിച്ചത് 3000 ത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ. ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സ് നടത്തിയ വ്യോമാക്രമണങ്ങളിലാണ് 3000 ലധികം ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലന്‍ വെളിപ്പെടുത്തിയത്. ഐഎസിനെതിരായ പോരാട്ടത്തില്‍ ബ്രിട്ടന്റെ സംഭാവനയെ സൂചിപ്പിക്കുന്ന ‘ഓപ്പറേഷന്‍ ഷെയ്ഡറി’ന്റെ മൂന്നാം വാര്‍ഷികമായി ബന്ധപ്പെട്ട് ഇറാഖിലും സിറിയയിലും നടത്തിയ സന്ദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു ഫാലന്‍.
സംഘര്‍ഷഭരിതമായ ഇരു രാജ്യങ്ങളും സൈനിക സേവനം നടത്തുന്നവര്‍ക്ക് പ്രത്യേക സര്‍വീസ് മെഡലുകളും ഫാലന്‍ പ്രഖ്യാപിച്ചു. 1500 ഓളം വ്യോമാക്രമണങ്ങളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ബ്രിട്ടിഷ് വ്യോമസേന ഇറാഖിലും സിറിയയിലും ഐഎസ് ഭീകരരെ ലക്ഷ്യമിട്ടു നടത്തിയത്. ഇറാഖില്‍ മാത്രം 2,684 ഭീകരര്‍ ബ്രിട്ടിഷ് വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 2015 ഡിസംബറില്‍ സിറിയയില്‍ വ്യോമാക്രമണം ആരംഭിച്ച ശേഷം 410 ഭീകരര്‍ കൊല്ലപ്പെട്ടു. ഇതിനു പുറമെ, 60,000 ഇറാഖി സൈനികര്‍ക്ക് ബ്രിട്ടന്‍ പ്രത്യേക പരിശീലനവും നല്‍കി.
ഈ കാലത്തിന്റെ അന്ധകാര ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്നവര്‍ എന്ന നിലയ്ക്കാണ് ഇറാഖിലെയും സിറിയയിലെയും ബ്രിട്ടിഷ് സൈനികര്‍ക്ക് പ്രത്യേക സര്‍വീസ് മെഡല്‍ നല്‍കുന്നതെന്ന് ഫാലന്‍ വ്യക്തമാക്കി. ഇറാഖിന്റെയും സിറിയയുടെയും ഭൂരിഭാഗം പ്രദേശങ്ങളിലും ഐഎസിനെ തുരത്താന്‍ സാധിച്ചത് ബ്രിട്ടിഷ് സൈനികരുടെ കൂടി ശ്രമഫലമായാണ്. ഭീകരവാദത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെങ്കിലും ഇതുവരെയുള്ള മുന്നേറ്റത്തില്‍ സൈന്യം വഹിച്ച നിസ്തുലമായ പങ്ക് അംഗീകരിക്കുന്നതിനാണ് പ്രത്യേക സര്‍വീസ് അവാര്‍ഡ് നല്‍കുന്നതെന്നും ഫാലന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല