1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2025

സ്വന്തം ലേഖകൻ: നിരവധി യാത്രക്കാര്‍ ആശയിച്ചിരുന്ന കൊച്ചി- ലണ്ടന്‍ ഫ്‌ലൈറ്റ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയതോടെ ബദല്‍ സംവിധാനം ഒരുക്കാന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) തന്നെ നേരിട്ടിറങ്ങുകയാണ്. ലണ്ടനിലെ ഗാറ്റ്വിക്കിനും കൊച്ചിക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് എയര്‍വേയ്‌സുമായും മറ്റു പല യൂറോപ്യന്‍ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്താന്‍ മുന്‍കൈ എടുത്തിരിക്കുകയാണ് സിയാല്‍ അധികൃതര്‍. എയര്‍ലൈന്‍ പങ്കാളികളെ ആകര്‍ഷിക്കുന്നതിനായി നിരവധി ആകര്‍ഷകങ്ങളായ ഓഫറുകളും സിയാല്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

പാര്‍ക്കിംഗ് ഫീ ചാര്‍ജ്ജുകള്‍ എടുത്തു കളയുക, ഈ റൂട്ടിലെ സര്‍വ്വീസ് കൂടുതല്‍ ചെലവ് കുറഞ്ഞ രീതിയില്‍ നടത്തുന്നതിനുള്ള മറ്റ് സഹായങ്ങള്‍ നല്‍കുക എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. 2025 മാര്‍ച്ച് 30 മുതല്‍, ഗാറ്റ്വിക്കിനും കൊച്ചിക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സര്‍വ്വീസ് റദ്ദാക്കുമെന്ന എയര്‍ ഇന്ത്യയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഈ നടപടികള്‍ ആരംഭിച്ചത്. നിരവധി ഇന്ത്യാക്കാരെ, പ്രത്യേകിച്ചും ബ്രിട്ടനിലുള്ള മലയാളികളെ പ്രതിസന്ധിയില്‍ ആക്കുന്നതായിരുന്നു എയര്‍ ഇന്ത്യയുടെ തീരുമാനം. ഒരുപാട് അസൗകര്യങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് എയര്‍ ഇന്ത്യയുടെ ഈ തീരുമാനം .

നേരിട്ടുള്ള വിമാന സര്‍വ്വീസ് റദ്ദാക്കി, ഡെല്‍ഹി വഴിയോ മുംബൈ വഴിയോ വിമാനം തിരിച്ചു വിടുമ്പോള്‍ യാത്രാ ദൈര്‍ഘ്യവും സമയം വര്‍ദ്ധിക്കും എന്നതാണ് പ്രധാന പ്രശ്നം. മാത്രമല്ല, യാത്രയ്ക്കിടയ്ക്കുള്ള കാത്തിരിപ്പ് സമയവും വര്‍ദ്ധിക്കും. നേരത്തെ ലേസ് വേഗാസില്‍ നടന്ന റൂട്ട്‌സ് വേള്‍ഡ് കോണ്‍ഫറന്‍സ് 2022-ല്‍ ലണ്ടനിലെ ഗാറ്റ്വിക്കില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കുന്നതിനെ കുറിച്ച് സിയാല്‍ അധികൃതര്‍ ബ്രിട്ടീഷെയര്‍വേയ്‌സുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിനു ശേഷം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ കഴിഞ്ഞ വര്‍ഷം ഇരുവര്‍ക്കുമിടയില്‍ നടന്നിരുന്നു.

ചര്‍ച്ചകള്‍ എല്ലാം തന്നെ പൊതുവെ അനുകൂലമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ എയര്‍ ഇന്ത്യയുടെ തീരുമാനം പുറത്തു വന്ന സാഹചര്യത്തില്‍, ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസിന്റെ ആവശ്യകത അധികൃതരെ ബോദ്ധ്യപ്പെടുത്താന്‍ യു കെയിലെ സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സിയാല്‍ ആവശ്യപ്പെടുന്നു. ഇതിനോടകം തന്നെ നിരവധി സംഘടനകള്‍, ബ്രിട്ടനിലെയും ഇന്ത്യയിലെയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ കണ്ട് ഈ ആവശ്യം അവരെ അറിയിക്കുന്നുണ്ട്.

എയര്‍ ഇന്ത്യയുടെ ഗാറ്റ്വിക്ക് – കൊച്ചി വിമാനം യാത്രക്കാര്‍ക്ക് എറെ സൗകര്യപ്രദമായ ഒരു സര്‍വ്വീസ് ആയിരുന്നു. കേവലം ഒന്‍പത് മണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തില്‍ എത്തുന്നതായിരുന്നു ഈ സര്‍വ്വീസ്. ടിക്കറ്റ് നിരക്ക് അല്പം കൂടുതലായിരുന്നെങ്കിലും മലയാളികള്‍ക്ക്, ഇരു നഗരങ്ങള്‍ക്കും ഇടയില്‍ സഞ്ചരിക്കുവാന്‍ ഏറെ സൗകര്യപ്രദമായിരുന്നു ഈ വിമാനം. ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം നടത്തുന്ന ഈ സര്‍വ്വീസില്‍ 283 എക്കോണമി ക്ലാസ് സീറ്റുകളും 18 ബിസിനസ്സ് ക്ലാസ് സീറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്. എക്കോണമി ക്ലാസിന്റെകാര്യത്തില്‍ 97 ശതമാനം ടിക്കറ്റുകളും വിറ്റു പോയിരുന്നെങ്കിലും, ബിസിനസ്സ് ക്ലാസ്സിന്റെ കാര്യത്തില്‍ ആ ലക്ഷ്യം കൈവരിക്കാനായില്ല.

ആദ്യമാദ്യം എക്കോണമി ക്ലാസ്സുകള്‍ക്ക് ശരാശരി 45,000 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍, ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റുകള്‍ പ്രതീക്ഷിച്ചത്ര വിറ്റു പോകാതിരുന്നതോടെ എക്കോണമി ക്ലാസ്സ് ടിക്കറ്റിന് 15,000 രൂപ വര്‍ദ്ധിപ്പിച്ചു. ഇതോടെ എക്കോണമി ടിക്കറ്റുകളുടെ വില്പനയും കുറയാന്‍ ആരംഭിച്ചു. ഈ സര്‍വ്വീസ് സ്ഥിരമായി റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് സിയാല്‍ പറയുന്നത്. അതേസമയം, ചില മെയിന്റനന്‍സ് ആവശ്യങ്ങള്‍ക്കായി ഈ സര്‍വ്വീസ് താത്ക്കാലികമായി നിര്‍ത്തി വയ്ക്കുന്നു എന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

ഈ റൂട്ട് ലാഭമുണ്ടാക്കുന്ന റൂട്ടാണെങ്കിലും, പകരം സംവിധാനം ഒരുക്കാന്‍ വിമാനമില്ല എന്നാണ് എയര്‍ ഇന്ത്യ പറയുന്നത്. കൂടുതല്‍ ലാഭം നല്‍കുന്ന മറ്റു റൂട്ടുകളില്‍ നിന്നും വിമാനം പിന്‍വലിച്ച് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്താന്‍ കമ്പനി തയ്യാറുമല്ല. നിലവില്‍ എയര്‍ ഇന്ത്യ മാത്രമാണ് ഇരു നഗരങ്ങള്‍ക്കും ഇടയില്‍ നേരിട്ടുള്ള സര്‍വ്വീസ് നടത്തുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വ്വീസ്. 2019 ല്‍ ഈ സര്‍വ്വീസ് ആരംഭിച്ചതിനു ശേഷം സാമാന്യം ഭേദപ്പെട്ട തിരക്കാണ് ഈ റൂട്ടില്‍ അനുഭവപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.