1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എയര്‍വേയ്‌സ് കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാര്‍ ഇന്ത്യയ്ക്ക് പുറംജോലി കരാര്‍ നല്‍കിയതാണെന്ന യൂണിയനുകളുടെ വാദം തള്ളി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, യാത്രക്കാരുടെ ദുരിതം മൂന്നാം ദിവസവും തുടരുന്നു. വിമാനങ്ങളില്‍ വിമാനയാത്രികര്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ ഫ്‌ളൈറ്റ് കാന്‍സലേഷന്‍ മൂലം അനുഭവപ്പെട്ട ബുദ്ധിമുട്ടുകള്‍ക്കു കാരണം വൈദ്യുതി തകരാറിനെത്തുടര്‍ന്നു കംപ്യൂട്ടര്‍ സിസ്റ്റത്തിലുണ്ടായ പ്രശ്‌നങ്ങളാണെന്നു ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് ക്രൂസ് പറഞ്ഞു.

ശരിയായ ബാക്ക് അപ് സിസ്റ്റം ഇല്ലായിരുന്നു. ഐടി മേഖലയിലെ തൊഴിലുകള്‍ ഇന്ത്യയ്ക്ക് പുറംജോലി കരാര്‍ നല്‍കിയതാണു കാരണമെന്ന യൂണിയനുകളുടെ ആരോപണം അദ്ദേഹം തള്ളി. ഹീത്രു, ഗാറ്റ്വിക് വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ ഏതാണ്ടു സാധാരണഗതിയിലായി. യാത്രികര്‍ക്കുണ്ടായ ബുദ്ധിമുട്ടകള്‍ക്ക് അലക്‌സ് മാപ്പു ചോദിച്ചു. വീണ്ടും ബുക്കിംഗ് നടത്തുകയോ ഫ്‌ളൈറ്റുകളുടെ നിജസ്ഥിതി അറിയുകയോ ചെയ്ത ശേഷമേ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്താവൂ എന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ വന്ന അറിയിപ്പില്‍ പറഞ്ഞു.

ശനിയാഴ്ച മുഴുവന്‍ സര്‍വീസ് മുടങ്ങിയ ബ്രിട്ടിഷ് എയര്‍വേസിന്റെ ഭൂരിഭാഗം വിമാനങ്ങളും ഞായറാഴ്ചയും തിങ്കളാഴ്ചയും ഹീത്രൂവില്‍നിന്നും പൂര്‍ണമായ തോതില്‍ സര്‍വീസ് നടത്തിയില്ല. എതാനും വിമാനങ്ങള്‍ സമയംതെറ്റി സര്‍വീസ് നടത്തിയെങ്കിലും ഹീത്രുവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. തകരാര്‍ പരിഹരിച്ചാലും സര്‍വീസുകള്‍ സാധാരണഗതിയിലാകാന്‍ സമയമെടുക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍ ആയിരക്കണക്കിനു യാത്രക്കാരാണ് വിമാനത്താവളത്തിലെത്തി നിരാശരായി മടങ്ങിയത്. യാത്ര മാറ്റിവയ്ക്കാന്‍ കഴിയാത്തവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ബ്രിട്ടിഷ് എയര്‍വേസ് വിമാനങ്ങളില്‍ കണക്ഷന്‍ ഫ്‌ലൈറ്റ് ബുക്കു ചെയ്ത് എത്തിയവരുമെല്ലാം വിമാനത്താവളത്തില്‍ കുടുങ്ങി. ലഗേജുകളില്‍ തലചായ്ച്ച് ഉറങ്ങുന്നവരും നിലത്തിരുന്നു വിശ്രമിക്കുന്നവരുമെല്ലാമായി ഹീത്രുവിലെ അഞ്ചാം നമ്പര്‍ ടെര്‍മിനല്‍ ഒരു അഭയാര്‍ഥി ക്യാംപായി രൂപം മാറുകയും ചെയ്തു.

ശനിയാഴ്ച ഉച്ചയോടെയാണ് ബ്രിട്ടിഷ് എയര്‍വേസിന്റെ കംപ്യൂട്ടര്‍ ശൃംഖല അപ്പാടെ തകാരാറിലാത്. ഇതോടെ ലണ്ടനില്‍നിന്നുള്ള ബ്രിട്ടീഷ് എയര്‍വേസ് വിമാനങ്ങള്‍ എല്ലാം സര്‍വീസ് നിര്‍ത്തി. കംപ്യൂട്ടര്‍ ശൃംഖല തകരാറിലായതോടെ വെബ്‌സൈറ്റിന്റെയും കോള്‍സെന്ററുകളുടെയും പ്രവര്‍ത്തനവും തകരാറിലായിരുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ എന്‍എച്ച്എസിലെ കംപ്യൂട്ടര്‍ വൈറസ് ആക്രണത്തിനു പിന്നാലെയാണ് ശനിയാഴ്ച ബ്രിട്ടിഷ് എയര്‍വേസിന്റെ കംപ്യൂട്ടര്‍ ശൃംഖല അപ്പാടെ നിശ്ചലമായത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.