സ്വന്തം ലേഖകന്‍: കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാര്‍, ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനങ്ങള്‍ ഭാഗികമായി സര്‍വീസ് ആരംഭിച്ചു, പിഴവിനു കാരണം ഐടി ജോലികള്‍ ഇന്ത്യന്‍ കമ്പനികള്‍ പുറംജോലിക്കരാര്‍ നല്‍കിയതെന്ന് ട്രേഡ് യൂണിയന്. ലണ്ടനിലെ ഹീത്രു, ഗാട്വിക് വിമാനത്താവളങ്ങളിലെ സര്‍വിസുകളാണ് പുനരാരംഭിച്ചത്. ആയിരത്തോളം വിമാന സര്‍വീസുകളിലെ മൂന്നു ലക്ഷത്തോളം യാത്രക്കാരെ പ്രശ്നം ബാധിച്ചുവെന്നാണു കണക്ക്.
ബ്രിട്ടനില്‍ ഈയാഴ്ച ബാങ്ക് ഹോളിഡേ വാരാന്ത്യവും സ്കൂള്‍ അവധിക്കാലവുമായതിനാല്‍ യാത്രക്കാരുടെ എണ്ണം വളരെ കൂടുതലായിരുന്നു. സര്‍വീസുകള്‍ റദ്ദായതോടെ ബ്രിട്ടീഷ് എയര്‍വെയസ് 150 മില്യണ്‍ പൗണ്ട് (ഏകദേശം 1240 കോടി രൂപ) നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ലണ്ടനില്‍നിന്ന് ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയിരുന്നു. എന്നാല്‍ ഡല്‍ഹി, മുംബൈ സര്‍വീസുകള്‍ തടസപ്പെട്ടില്ല.
വെബ്സൈറ്റിലെ ഒരു ഭാഗത്ത് വിവരങ്ങളൊന്നും ലഭ്യമാകാതെ വന്നതോടെയാണ് സര്‍വീസുകള്‍ താറുമാറായത്. യാത്രക്കാര്‍ക്ക് മൊബൈല്‍ ആപ്പിലൂടെയും വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് ഹീത്രുവിമാനത്താവളത്തില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ അധികൃതര്‍ ക്ഷമചോദിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ എല്ലാ ചെലവുകളും വഹിക്കാന്‍ തയാറാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹോട്ടല്മുറികള് എടുത്തവര്‍ക്കും ഭക്ഷണത്തിനുമായുള്ള ചെലവുകളും വിമാന കമ്പനി തിരിച്ചുനല്‍കും.
നിരവധി യാത്രക്കാര്‍ക്ക് അവരുടെ ലഗേജുകള്‍ ലഭിച്ചില്ലെന്നും പരാതി ഉയര്‍ന്നു. അതേസമയം, ഹീത്രൂവിമാനത്താവളത്തില്‍ യാത്രക്കാരുടെ ദുരിതം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പിഴവിനു കാരണം ഐടി ജോലികള്‍ ഇന്ത്യന്‍ കമ്പനിക്കു പുറംജോലി കരാര്‍ നല്കിയതു കൊണ്ടാണെന്ന ആരോപണവുമായി ബ്രിട്ടീഷ് ജനറല്‍ ട്രേഡ് യൂണിയന് (ജിഎംബി) നേതാവായ മിക്ക് റിക്സ് രംഗത്തെത്തി.
ബ്രിട്ടീഷ് എയര്‍വെയ്സ് 2016ല്‍ ആയിരക്കണക്കിന് ആത്മാര്‍ഥതയുള്ള ഐടി ജീവനക്കാരെ പുറത്താക്കി ജോലികള്‍ ഇന്ത്യന്‍ കമ്പനിക്കു പുറംകരാര്‍ നല്കി. ഇത് ഒഴിവാക്കാന്‍ കഴിയുന്ന കാര്യമായിരുന്നെന്ന് കുറ്റപ്പെടുത്തിയ റിക്സ് ഇതു വഴി ബ്രിട്ടീഷ് എയര്‍വെയ്സ് വന്‍ ലാഭം ഉണ്ടാക്കിയതായും ഇത് കമ്പനിയുടെ അത്യാര്‍ത്തിയാണ് കാണിക്കുന്നതും ആരോപിച്ചു. ബ്രിട്ടീഷ് എയര്‍വേസിന്റെ വെബ്സൈറ്റിന്റെയും കോള്‍ സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ തകരാറിലായതാണ് യാത്രക്കാരെ ശരിക്കും വലച്ചു കളഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല