സ്വന്തം ലേഖകൻ: ഒമ്പതുമണിക്കൂര്‍ പറന്നശേഷം വിമാനം ഇറങ്ങിയത് പറന്നുയര്‍ന്ന അതേ വിമാനത്താവളത്തില്‍. ലണ്ടനില്‍ നിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്കുള്ള ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ഫ്‌ളൈറ്റ് 195 ആണ് ഇത്തരമൊരു വിചിത്രയാത്ര നടത്തിയത്. 300 യാത്രക്കാരുമായാണ് വിമാനം യാത്ര നടത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് 30 മിനുറ്റ് വൈകിയാണ് ഫ്‌ളൈറ്റ് 195 പുറപ്പെട്ടത്. ഹൂസ്റ്റണ്‍ ലക്ഷ്യമാക്കി കുതിച്ച ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ബോയിങ് 787 വിമാനം 4600 മൈല്‍ (ഏകദേശം 7403 കിലോമീറ്റര്‍) പറന്ന് അറ്റ്‌ലാന്റിക് മഹാസമുദ്രം മറികടന്നു.
തുടര്‍ന്നായിരുന്നു ‘ട്വിസ്റ്റ്’. വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തെത്തിയ ഉടന്‍ വിമാനം ‘യു ടേണ്‍’ എടുത്തു. തുടര്‍ന്ന് അത്രയും നേരം സഞ്ചരിച്ച ദൂരം മുഴുവന്‍ ഫ്‌ളൈറ്റ് 195 തിരികെ പറക്കുകയായിരുന്നു. ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരത്തിന്റെ പാതിയോളം ദൂരം പിന്നിട്ട ശേഷമായിരുന്നു ഇത്.
നിസാരമായ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയിലാണ് വിമാനം ഹീത്രോ വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചുവിട്ടതെന്നാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് വക്താവ് അറിയിച്ചു. യാത്രയ്ക്ക് തടസം നേരിട്ടതില്‍ തങ്ങളുടെ ഉപഭോക്താക്കളോട് മാപ്പ് ചോദിക്കുന്നതായും ബ്രിട്ടീഷ് എയര്‍വെയ്‌സ് അറിയിച്ചു. അതേസമയം എന്തായിരുന്നു വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നം എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.
ദുരിതയാത്രയ്ക്ക് ശേഷം ബ്രിട്ടീഷ് എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് താമസിക്കാന്‍ ഹോട്ടല്‍ സൗകര്യമൊരുക്കുകയും അടുത്ത വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തുനല്‍കുകയും ചെയ്തു. ഹീത്രോ വിമാനത്താവളത്തിലാണ് ബ്രിട്ടീഷ് എയര്‍വെയ്‌സിന് വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്താന്‍ സൗകര്യമുള്ളത്. ഇതാണ് പാതി ദൂരം പിന്നിട്ടശേഷം വിമാനം തിരിച്ചുപറക്കാന്‍ കാരണമായി പറയുന്നത്. കാനഡയിലെ ഏതെങ്കിലും വിമാനത്താവളത്തില്‍ ഇറക്കാമായിരുന്നുവെന്ന അഭിപ്രായവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല