1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2015

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എയര്‍വേയ്‌സിനെതിരെ ട്വിറ്ററില്‍ പൊട്ടിത്തെറിച്ച് സച്ചിന്‍, കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല മഹോത്സവം. കളിക്കളത്തിന് അകത്തും പുറത്തും ശാന്തനായ സച്ചിന്റെ പൊട്ടിത്തെറി ആരാധകരെ ശരിക്കും ഞെട്ടിച്ചു. ഒന്നിനു പുറകെ ഒന്നായി മൂന്ന് ട്വീറ്റുകളാണ് സച്ചിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ബ്രിട്ടീഷ് വിമാനക്കമ്പനിയുടെ മോശം സേവനവും ഉത്തരവാദിത്തം ഇല്ലായ്മയുമാണ് സച്ചിനെ ചൊടിപ്പിച്ചത്. ദേഷ്യം, നിരാശ, അസംതൃപ്തി എന്നീ വാക്കുകള്‍ കൊണ്ടാണ് സച്ചിന്‍ ട്വീറ്റുകള്‍ തുടങ്ങിയത് തന്നെ.

ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗ് കളിക്കാനായി അമേരിക്കയില്‍ യാത്ര ചെയ്യവേ ഉണ്ടായ ദുരനുഭവങ്ങളാണ് സച്ചിന്‍ പങ്കുവച്ചത്. സീറ്റ് ഉണ്ടായിട്ട് കൂടി തന്റെ കുടുംബാംഗങ്ങളുടെ വെയ്റ്റിങ് ലിസ്റ്റ് ക്ലിയര്‍ ചെയ്തില്ലെന്നും, കൊണ്ടുപോകാനുളള ലഗേജുകളെല്ലാം വേറെ ഏതോ സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ കെട്ടിവെച്ചിരിക്കുകയാണെന്നും ഞങ്ങളതൊന്നും ശ്രദ്ധിക്കില്ല എന്ന മനോഭാവമാണ് ജീവനക്കാര്‍ക്കെന്നും സച്ചിന്‍ ആരോപിച്ചു.

എന്തായാലും സച്ചിന്റെ ട്വീറ്റുകള്‍ വൈറലായി അല്പ സമയത്തിനകം വിമാന കമ്പനി ട്വിറ്ററില്‍ തന്നെ മറുപടി നല്‍കുകയും മാപ്പു പറയുകയും ചെയ്തു. എന്നാല്‍ സച്ചിന്റെ ട്വീറ്റിന് മറുപടിയായി പരാതിക്കാരന്റെ മുഴുവന്‍ പേരും അഡ്രസ്സും ചോദിച്ചായിരുന്നു കമ്പനിയുടെ മറുപടി ട്വീറ്റ്. സച്ചിനുണ്ടായ അസൗകര്യത്തില്‍ ഖേദം രേഖപ്പെടുത്തിയാണ് ട്വീറ്റെങ്കിലും ക്രിക്കറ്റ് ഇതിഹാസത്തിന്റെ പേരു ചോദിച്ച നടപടി സച്ചിനെ അപമാനിക്കലാണെന്ന് ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ പ്രശ്‌നം ഏറ്റെടുത്തു.

നേരത്തെ സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ ഫേസ് ബുക്ക് പേജില്‍ പൊങ്കാലയിട്ട മലയാളികള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് പേജില്‍ പൊങ്കാല ആക്രമണം തുടങ്ങിക്കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.