യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ജനനനിരക്കുളള രാജ്യം ബ്രിട്ടന്‍. അതിന് നന്ദി പറയേണ്ടത് കുടിയേറ്റക്കാരോടും. ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് ശരാശരി രണ്ട് കുട്ടികളില്‍ താഴെ എന്നതാണ് ഇപ്പോഴത്തെ കണക്ക്. യൂറോപ്യന്‍ യൂണിയനിലെ മറ്റ് 27 രാജ്യങ്ങളിലും ഇതില്‍ താഴെയാണ് ജനനനിരക്ക്. കുടിയേറ്റം ഒരു വലിയ പ്രശ്‌നമായി മാറുന്നതിന് മുന്‍പ് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുടെ പട്ടികയില്‍ മധ്യസ്ഥാനത്തായിരുന്നു ബ്രിട്ടന്റെ സ്ഥാനം. കുടിയേറ്റക്കാരുടെ ഇടയിലെ ഉയര്‍ന്ന ജനന നിരക്കാണ് യുകെയിലെ ജനനനിരക്ക് കൂടാന്‍ കാരണം. കുടിയേറ്റക്കാരില്‍ ഇവിടെ ജനിച്ച സ്ത്രീകള്‍ യുറോപ്പിലെ മറ്റ് രാജ്യങ്ങളിലെങ്ങുമില്ലാത്ത വിധം രാജ്യത്തെ ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണമായതായി യൂറോപ്യന്‍ യൂണിയന്റെ പോഷകസംഘടനയായ യൂറോസ്റ്റാറ്റ് പറയുന്നു.
യൂറോസ്്റ്റാറ്റിന്റെ കണക്ക് അനുസരിച്ച് ബ്രിട്ടനിലെ ജനനനിരക്ക് ഒരു സ്ത്രീക്ക് ശരാശരി 1.98 കുട്ടികള്‍ എന്ന നിരക്കിലാണ്. 2010ല്‍ ബ്രിട്ടനേക്കാള്‍ ജനനനിരക്ക് കൂടുതലുണ്ടായിരുന്ന ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ലക്‌സംബര്‍ഗ്ഗ്, മാള്‍ട്ട, ഹോളണ്ട്, ഫിന്‍ലാന്‍ഡ് എന്നീ ആറുരാജ്യങ്ങളെയാണ് ഒരു വര്‍ഷം കൊണ്ട് ബ്രിട്ടന്‍ പിന്തളളിയിരിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ ജനനനിരക്കുളള യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് ബ്രിട്ടന്റെ സ്ഥാനം. ബ്രിട്ടനേക്കാള്‍ ഉയര്‍ന്ന ജനനനിരക്കുളള മറ്റ് രണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ ഫ്രാന്‍സും അയര്‍ലണ്ടും മാത്രമാണ്. ഫ്രാന്‍സിലെ ജനനനിരക്ക് 2.03യും ഐയര്‍ലണ്ടിലേത് 2.07ഉം ആണ്.
രണ്ടായിരത്തി പത്തില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി മൊത്തം 723,000 കുട്ടികളാണ് ജനിച്ചത്. 2000ത്തില്‍ ഇത് വെറും 600,000 ആയിരുന്നു. അതായത് ഒരു സ്ത്രീക്ക് 1.64 കുട്ടികള്‍ എന്ന കണക്കില്‍ നിന്ന് പത്ത് വര്‍ഷം കൊണ്ട് 1.98 എന്ന നിരക്കിലേക്ക് ഉയര്‍ന്നുവെന്ന് സാരം. കുടിയേറ്റമാണ് ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. പല രാജ്യങ്ങളിലും ധാരാളം കുട്ടികള്‍ ഉളള വലിയ കുടുംബം സാധാരണമാണ്. കുടിയേറുമ്പോഴും അവര്‍ അത് തന്നെ പിന്തുടരുന്നതാണ് ജനനനിരക്ക് ഉയരാന്‍ കാരണം. മറ്റൊരു പ്രധാന കാരണം 1960 കളിലും 70 കളിലുമായി ഇവിടെ ജനിച്ച സ്ത്രീകളാണ്. കരിയറിന് പ്രാധാന്യം നല്‍കിയത് കാരണം ഇവര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ വൈകിയതും ഇപ്പോഴത്തെ ജനനനിരക്ക് കൂടാനൊരു കാരണമായി.
വായ്പയും മറ്റ് ചെലവുകളും കണ്ടെത്തുന്നതിനായി ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകേണ്ടി വന്നതും കുട്ടികള്‍ ജനിക്കുന്നത് വൈകാന്‍ കാരണമായി. ബ്രിട്ടനേക്കാള്‍ കുറഞ്ഞ കുടിയേറ്റ നിരക്കുളള മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനനനിരക്കും കുറവാണ്. ഇവിടെ സ്ത്രീകള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ വൈകുന്നതും ജനനനിരക്കിനെ ബാധിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 1990 മുതല്‍ ബ്രിട്ടനേക്കാള്‍ ഉയര്‍ന്ന ജനനനിരക്ക് കാണിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ഇവിടേയും കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ജനനനിരക്ക് ഉയരാന്‍ കാരണം.
എന്നാല്‍ അടുത്തിടെ നടത്തിയ കണക്കെടുപ്പില്‍ വ്യക്തമാകുന്നത് 2010 മുതല്‍ ജനനനിരക്ക് സ്ഥിരമായി തുടരുകയാണന്നാണ്. ഗവണ്‍മെന്റിന്റെ നയങ്ങളും സാമ്പത്തിക സാഹചര്യങ്ങളും കൂടുതല്‍ കുട്ടികള്‍ എന്ന ആശയത്തില്‍ നിന്ന പലരേയും പിന്നോട്ട് വലിക്കുന്നതാണ് ജനനനിരക്ക് ഉയരാതെ നില്‍ക്കാന്‍ കാരണമെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിലയിരുത്തുന്നത്. ബ്രിട്ടനിലെ ഉയര്‍ന്ന ജനനിരക്ക് ജനസംഖ്യയില്‍ മുപ്പത് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനസംഖ്യയിലുണ്ടാകുന്ന വര്‍ദ്ധനവ് – പ്രത്യേകിച്ചും രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ – യൂറോപ്പിലെ ഏറ്റവും തിരക്കുളള രാജ്യങ്ങളിലൊന്നായി ഇംഗ്ലണ്ടിനെ മാറ്റിയിട്ടുണ്ട്. ബ്രിട്ടനേക്കാള്‍ തിരക്ക് അനുഭവപ്പെടുന്ന മറ്റൊരു യൂറോപ്യന്‍ രാജ്യം മാള്‍ട്ട മാത്രമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല