ചൈനീസ് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ കരുത്തുറ്റ 25 അംഗ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കപ്പെട്ട ബോ സിലായിയുടെ ഭാര്യ ഗു കൈലായി ബ്രിട്ടീഷ് ബിസിനസുകാരനെ കൊന്നത് തന്റെ രഹസ്യങ്ങള്‍ പുറത്തറിയാതിരിക്കാനെന്ന് വെളിപ്പെടുത്തല്‍. അച്ചടക്ക നടപടിയുടെ പേരില്‍ ബോ സിലായിയെ പുറത്താക്കിയതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന പാര്‍ട്ടിയെ ഞെട്ടിക്കുന്നതായി ഈ വെളിപ്പെടുത്തല്‍. അതിനിടെ, ബോയെ പുറത്താക്കിയത് പാര്‍ട്ടിയുടെ ഭാഗ്യമാണെന്ന് ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നായ ‘ചോക്വിങ് ഡെയ്‌ലി ‘ തിങ്കളാഴ്ച അഭിപ്രായപ്പെട്ടു.
നാല്‍പ്പത്തിയൊന്നുകാരനായ ബ്രിട്ടീഷ് ബിസിനസ്സുകാരന്‍ നീല്‍ ഹേവുഡ് നവംബറിലാണ് കൊല്ലപ്പെട്ടത്. പൊട്ടാസ്യം സയനൈഡ് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് കണ്ടത്തി. ചോക്വിങ്ങിലെ ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം കൂടാതെ മൃതദേഹം സംസ്‌കരിച്ചെങ്കിലും അദ്ദേഹം കൊല്ലപ്പെട്ടതാണെന്ന് അടുത്തിടെയാണ് ചൈനീസ് അധികൃതര്‍ക്ക് സംശയം ജനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഗു കൈലായിയെ അറസ്റ്റു ചെയ്തു. ഇവരിപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.
ബോയുടെ വിശ്വസ്തനായ വാങ് ലിജുന്‍ യു.എസ്. കോണ്‍സുലേറ്റില്‍ അഭയം തേടുകയും തന്റെ നേതാവിനെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറുകയും ചെയ്തതോടെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ബോയ്ക്ക് പാര്‍ട്ടി പദവികള്‍ നഷ്ടപ്പെട്ടത്. മാര്‍ച്ചില്‍ ചോക്വിങ്ങിലെ പാര്‍ട്ടി ഘടകത്തിന്റെ നേതൃപദം നഷ്ടപ്പെട്ട ബോയെ കഴിഞ്ഞയാഴ്ചയാണ് പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കിയത്. ഭാവിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്തുവരെ എത്തുമെന്നു കരുതപ്പെട്ട നേതാവായിരുന്നു ബോ.
കനത്ത തുക വിദേശത്തേക്ക് കടത്താനുള്ള ഗുവിന്റെ പദ്ധതി പുറത്താക്കുമെന്ന ഹേവുഡിന്റെ നിലപാടാണ് കൊലയ്ക്കു കാരണമെന്ന് അന്വേഷണ സംഘവുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ പറയുന്നു. ഹേവുഡ് കൊല്ലപ്പെട്ട ശേഷം ആദ്യമായാണ് കൊലയ്ക്കുള്ള കൃത്യമായ ഒരു കാരണം അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഒരു വലിയ തുക വിദേശത്തേക്ക് കടത്തണമെന്ന് ഹേവുഡിനോട് ഗു ആവശ്യപ്പെട്ടു. എന്നാല്‍, ഇടപാടില്‍ താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ തുക കുറച്ചതോടെ ഗു കോപാകുലയായി. ഗുവിന്റെ ഇടപാടുകള്‍ വെളിപ്പെടുത്തുമെന്ന് ഹേവുഡ് ഭീഷണി മുഴക്കി. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ ഗു കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ വാദം.
തൊണ്ണൂറുകള്‍ മുതല്‍ ചൈനയില്‍ കഴിയുന്ന ഹേവുഡ് ഗുവുമായി അടുത്ത സൗഹൃദത്തിലായിരുന്നു. അതേസമയം, ബോയുടെ പുറത്താക്കലും ഗുവിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും ഇന്റര്‍നെറ്റിലൂടെയുള്ള സന്ദേശങ്ങള്‍ക്കും ചൈന കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ചിലരെ അറസ്റ്റു ചെയ്തു. സൗഹൃദക്കൂട്ടായ്മകളിലെ ആയിരക്കണക്കിന് സന്ദേശങ്ങള്‍ മായ്ച്ചു കളഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല