1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2011

ബ്രിട്ടീഷ് മന്ത്രിമാരുടെ ഉത്തരവാദിത്വ ബോധം എത്രത്തോളം ഉണ്ടെന്നു മനസിലാക്കാന്‍ ഇതില്പരം മറ്റെന്തു വേണം. രാജ്യസുരക്ഷയെ സംബന്ധിക്കുന്നതടക്കമുള്ള ഔദ്യോഗിക രേഖകളാണ് ഒരു ബ്രിട്ടീഷ് ക്യാബിനറ്റ് മന്ത്രി കുപ്പത്തൊട്ടിയില്‍ ഇട്ടിരിക്കുന്നത്. നയരൂപീകരണ ചുമതലയുള്ള കാബിനറ്റ് ഓഫീസ് മന്ത്രി ഒലിവര്‍ ലെറ്റ്വിനാണ് ഔദ്യോഗിക രേഖകള്‍ ഇന്നലെ കുപ്പത്തൊട്ടിയിലുപേക്ഷിച്ചത്.

സ്വകാര്യ കത്തുകളും അഞ്ചുദിവസമായി തന്റെ ഓഫീസിലെത്തിയ രേഖകളുമടക്കം 100 രേഖകളാണ് അദ്ദേഹം ലണ്ടനില്‍ പ്രധാനമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന ഡൌണിംഗ് സ്ട്രീറ്റിനടുത്തുള്ള സെന്റ് ജെയിംസ് പാര്‍ക്കിലെ കുപ്പത്തൊട്ടിയില്‍ പരസ്യമായി ഉപേക്ഷിച്ചത്. തീവ്രവാദത്തെയും ദേശീയസുരക്ഷയെയും സംബന്ധിക്കുന്ന രേഖകളും ഇതിലുള്‍പ്പെടുന്നു എന്നതാണ് വിവാദത്തിനു ആക്കം കൂട്ടുന്നത്‌. എന്തായാലും സംഭവം വിവാദമായെന്നു പറഞ്ഞാല്‍ മതിയല്ലോ.

അഞ്ചുതവണ മന്ത്രി രേഖകള്‍ കുപ്പത്തൊട്ടിയിലിടുന്നതു കണ്ടതായി ഡെയ്ലി മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു മന്ത്രിയുടെ ഓഫീസ് വാദിക്കുന്നത് രേഖകള്‍ കുപ്പത്തൊട്ടിയിലുപേക്ഷിച്ചതു ശരിയാണെന്നും പ്രധാന രേഖകളൊന്നും ഇതിലില്ലെന്നുമാണ്. എന്തായാലും സംഭവത്തെക്കുറിച്ച് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഔദ്യോഗികരേഖ സംരക്ഷണനിയമം ലംഘിക്കപ്പെട്ടിട്ടുണ്േടായെന്നതാണ് പരിശോധിക്കുന്നത്.

മര്യാദകെട്ട പെരുമാറ്റമാണു മന്ത്രിയില്‍നിന്നുണ്ടായതെന്നു പ്രതിപക്ഷമായ ലേബര്‍പാര്‍ട്ടി ആരോപിച്ചു. മന്ത്രി നിയമലംഘനം നടത്തിയോയെന്നതു സംബന്ധിച്ചു കാബിനറ്റ്സെക്രട്ടറി അന്വേഷിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ഉപേക്ഷിച്ച രേഖകളില്‍ സുപ്രധാനങ്ങളായവ എന്തെങ്കിലും ഉണ്ടായിരുന്നുവെന്നതിനെക്കുറിച്ചു കാബിനറ്റ്സെക്രട്ടറി അന്വേഷിക്കുമെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഓഫീസ് അറിയിച്ചു. എന്തായാലും സംഭവം ബ്രിട്ടനില്‍ ചൂടുള്ള ചര്‍ച്ചക്കാണ് വഴിയൊരുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.