ചങ്ങാടത്തില്‍ യാത്രചെയ്യുന്നതിനിടെ കാവേരി നദിയില്‍ വീണ് കാണാതായ രണ്ട് ബ്രട്ടീഷ് പൗരന്മാരില് ഒരാളുടെ മൃതദേഹം കണ്ടെത്തി. യോര്‍ക്ക് സ്വദേശിയ ഇയാന്‍ ടര്ട്ടന്റെ (42) മൃതദേഹമാണ് കണ്ടെടുത്തത്. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് മൈക്കല്‍ ഈസ്റ്റന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇയാനും സുഹൃത്തും സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന ചങ്ങാടം കണ്ടെത്തിയിട്ടുണ്ട്. നദിയില്‍ സഞ്ചരിക്കവേ മുതലയുടെ ആക്രമണത്തില്‍ ചങ്ങാടം മുങ്ങിയതാണ് മരണകാരണമെന്നാണ് അധികൃതര്‍ കരുതുന്നത്. ചങ്ങാടത്തിലെ അടയാളങ്ങളും ഇതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാനും മൈക്കലും കാവേരിനദിയുലൂടെ സാഹസികയാത്രക്കായി പുറപ്പെട്ടത്. തിങ്കളാഴ്ചയായിട്ടും ഇരുവരും മടങ്ങിയെത്താതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രതികൂലമായ കാലാവസ്ഥ തിരിച്ചലിനെ ബാധിക്കുന്നുണ്ട്. രണ്ട് ഹെലികോപ്ടറുകളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
അമേരിക്കന്‍ കമ്പനിയായ ടെന്നക്കോ ആട്ടോമോട്ടീവിന് വേണ്ടി ഇന്ത്യയിലെത്തിയതാണ് ഇയാന്‍. ബാംഗ്ലൂരില്‍ ഷെല്‍ കമ്പനിക്ക് വേണ്ടി ജോലിചെയ്യുകയായിരുന്നു മൈക്കല്‍. ഇയാന്റെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനായി ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല