സ്വന്തം ലേഖകന്‍: ഭീകര പരിശീലന ക്യാമ്പുകള്‍ നടത്തി, ബ്രിട്ടീഷ് മതപ്രഭാഷകന്റെ അനുയായിയായ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 20 തടവ്. യുഎസിലെ ഒറെഗോണില്‍ അല്‍ ഖായിദയ്ക്കുവേണ്ടി ഭീകരപരിശീലന ക്യാംപുകള്‍ നടത്തിയെന്ന കുറ്റത്തിനു ബ്രിട്ടനിലെ മതപ്രഭാഷകന്‍ അബു ഹംസ അല്‍ മസ്‌റിയുടെ കൂട്ടാളിയും ഇന്ത്യന്‍ വംശജനുമായ ഹാറൂണ്‍ അസ്‌വതിനാണ് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി 20 വര്‍ഷം തടവു ശിക്ഷ വിധിച്ചത്.
ശിക്ഷാ കാലവധി പൂര്‍ത്തിയാക്കിയശേഷം ബ്രിട്ടനിലേക്കു നാടുകടത്താനും വിധിയില്‍ നിര്‍ദ്ദേശമുണ്ട്. ഭീകര ക്യാംപുകള്‍ നടത്തിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് അബു ഹംസയെ കഴിഞ്ഞ ജനുവരിയില്‍ യുഎസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ലോക വ്യാപാര കേന്ദ്രം തകര്‍ക്കപ്പെട്ടശേഷം യുഎസ് നടത്തിയ ഭീകരവേട്ടയ്ക്കിടയിലാണ് ഈ സംഘം പിടിയിലായത്.
ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ പാക്കിസ്ഥാനിലെ ഒളിത്താവളത്തില്‍ നിന്നു 2002 ല്‍ കണ്ടെടുത്ത രഹസ്യരേഖയില്‍ അബു ഹംസയുടെയും ഹാറൂണിന്റെയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. ബ്രിട്ടനില്‍ അറസ്റ്റിലായ ശേഷം യുഎസിലേക്കു നാടുകടത്തുന്നതിനെതിരെ ലണ്ടനിലെ ഫിന്‍ബറി പള്ളിയില്‍ ഇമാമായിരുന്ന അബു ഹംസയും ഗുജറാത്തില്‍ നിന്നു കുടിയേറിയ ഹാറൂണും വര്‍ഷങ്ങളോളം നിയമയുദ്ധം നടത്തിയെങ്കിലും കോടതി ചെവികൊണ്ടിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല