സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ രാസായുധ പ്രയോഗത്തിനിരയായ സ്ത്രീ മരിച്ചു; റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ഉലയുന്നു. ഇംഗ്ലണ്ടിലെ ആംസ്ബറിയില്‍ നൊവിചോക് വിഷബാധയേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 44 കാരി ഡോണ്‍ സ്റ്റര്‍ജസാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജൂണ്‍ 30 നാണ് സ്റ്റര്‍ജസിനേയും ഭര്‍ത്താവ് ചാര്‍ലി റോവ്‌ലിയെയും സ്വവസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ആശുപത്രിയില്‍ കഴിയുന്ന ചാര്‍ലിയുടെ ആരോഗ്യനിലയും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇവര്‍ക്ക് എങ്ങനെ വിഷബാധയേറ്റെന്നത് അന്വേഷിക്കാന്‍ ഭീകരവിരുദ്ധ സേനയുടെ സഹായത്തിന് ഡിറ്റക്ടിവുകളുമുണ്ട്. വില്‍ഷയര്‍ പൊലീസ് ഓഫിസുകളില്‍ 100ഓളം ഡിറ്റക്ടിവുകളാണുള്ളത്. ദമ്പതികള്‍ക്ക് മൂന്നു മക്കളുണ്ട്. മുമ്പ് കൂറുമാറിയ ബ്രിട്ടീഷ് ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും രാസായുധ പ്രയോഗമേറ്റതും ദമ്പതികള്‍ താമസിച്ചിരുന്ന സ്ഥലത്തിനു സമീപം വെച്ചായിരുന്നു. മാരകവിഷമായ നൊവീചോക് ആണ് സ്‌ക്രിപാലിനും മകള്‍ക്കുമെതിരെ പ്രയോഗിച്ചതും. സംഭവത്തിനു പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ ആരോപിച്ചിരുന്നു. എന്നാല്‍, റഷ്യ അത് നിഷേധിക്കുകയായിരുന്നു.
ശീതയുദ്ധകാലത്ത് സോവിയറ്റ് യൂനിയന്‍ വികസിപ്പിച്ചെടുത്ത രാസായുധമായതിനാല്‍ ഇപ്പോഴത്തെ സംശയത്തിന്റെ മുന നീളുന്നതും റഷ്യയിലേക്കുതന്നെയാണ്. അതിനിടെ, ഇക്കാര്യത്തില്‍ ധൃതി പിടിച്ച തീരുമാനങ്ങള്‍ക്കില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി സാജിദ് ജാവീദ് അറിയിച്ചു. റഷ്യക്കെതിരെ ബ്രിട്ടന്‍ പുതിയ ഉപരോധം ചുമത്തുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. നേരത്തേ ബ്രിട്ടീഷ് നഗരങ്ങളില്‍ റഷ്യ വിഷവാതകം പ്രയോഗിക്കുകയാണെന്ന് ബ്രിട്ടന്‍ കുറ്റപ്പെടുത്തിയിരുന്നു. സ്‌റ്റോണിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി തെരേസ മേയ് അനുശോചനം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല