സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് യുകെ യാത്ര മാറ്റിവെക്കാന്‍ കാരണം ബ്രിട്ടീഷ് പ്രതിരോധമന്ത്രി കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചതോ ബ്രിട്ടീഷ് പ്രതിരോധമന്ത്രി ഗാല്വിന് വില്ല്യംസണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ചയ്ക്കു വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ 18 മുതല്‍ 22 വരെ നടന്ന ‘യുകെ ഇന്ത്യ വീക്ക്’ പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍മല ബ്രിട്ടനില്‍ എത്തുമ്പോള്‍ വില്യംസണുമായി കൂടിക്കാഴ്ച നടത്താന്‍ താത്പര്യമുണ്ടെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
എന്നാല്‍ വില്യംസണ് സമ്മതം അറിയിച്ചില്ല. തുടര്‍ന്ന് ലണ്ടന്‍ യാത്രതന്നെ നിര്‍മല റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ സഹകരണവും ആയുധംവാങ്ങലും അടക്കമുള്ള കാര്യങ്ങള്‍ ബ്രിട്ടീഷ് പ്രതിരോധമന്ത്രിയുമായി സംസാരിക്കാനാണ് നിര്‍മല ഉദ്ദേശിച്ചിരുന്നത്. ഇന്ത്യന്‍ പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തേണ്ടതിന്റെ പ്രാധാന്യം വില്യംസണിനെ ബോധ്യപ്പെടുത്താന്‍ വിദേശകാര്യ മന്ത്രി ബോറിസ് ജോണ്സണ് അടക്കമുള്ളവര്‍ ശ്രമിച്ചെന്നും പറയപ്പെടുന്നു.
വര്‍ഷം 5000 കോടി ഡോളര്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കു ചെലവഴിക്കുന്ന ഇന്ത്യയുടെ മന്ത്രിയുമായി ചര്‍ച്ചയ്ക്കു സമയം കണ്ടെത്താന്‍ കഴിയാതിരുന്ന വില്യംസണിനെതിരേ ബ്രിട്ടീഷ് ഭരണനേതൃത്വത്തില്‍ വലിയ അതൃപ്തി ഉടലെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് ഇരു പ്രതിരോധമന്ത്രിമാരുടെ ഓഫീസുകളും പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല